വീണ്ടും പ്രകോപനവുമായി നേപ്പാൾ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി കറൻസി നോട്ട് പുറത്തിറക്കി
കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടെ കറൻസി നോട്ടിൽ ഉൾപ്പെടുത്തി പ്രകോപനവുമായി നേപ്പാൾ.
നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) നവംബർ 27 വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിലാണ് ഇന്ത്യൻ പ്രദേശങ്ങൾ അടങ്ങുന്ന ഭൂപടം ഉൾപ്പെടുന്നത്. 300 ദശലക്ഷം നോട്ടുകൾ ചൈനയുടെ ബാങ്ക്നോട്ട് പ്രിൻ്റിംഗ് ആൻഡ് മിൻ്റിംഗ് കോർപ്പറേഷനാണ് നിർമ്മിച്ചത്. ഇതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ അവിഭാജ്യ ഘടകമായ പ്രദേശങ്ങൾ നേപ്പാൾ തങ്ങളുടേതെന്ന് അവകാശപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിൻ്റെ ഏകപക്ഷീയമായുള്ള പ്രദേശിക അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും അവ ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മന്ത്രാലയം പ്രസ്താവിച്ചു. ഭൂപടത്തിലൂടെയുള്ള അവകാശവാദം കൊണ്ട് നിലവിലുള്ള യാഥാർത്ഥ്യത്തെ മാറ്റാനാവില്ല എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
1816-ലെ സുഗൗളി ഉടമ്പടി പ്രകാരം കാളി നദിയെ അതിർത്തിയായി നിശ്ചയിച്ചതുമായി ബന്ധപ്പെട്ടാണ് ഈ തർക്കം നിലനിൽക്കുന്നത്. കാളി നദിയുടെ ഉത്ഭവം ലിംപിയാധുരയിൽ നിന്നാണെന്നാണ് നേപ്പാളിന്റെ വാദം. എന്നാൽ, കാളി നദി കാലാപാനിയിൽ നിന്ന് ഒഴുകുന്നതിലെ കിഴക്കൻ തീരമാണ് അതിർത്തിയായി ഇന്ത്യ കണക്കാക്കുന്നത്. 2020-ൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയതിനെ ഇന്ത്യ തള്ളിയിരുന്നു.
പുതിയ കറൻസി നോട്ട് അതിർത്തിയിലെ വ്യാപാരത്തിൽ നേപ്പാളിന് തിരിച്ചടിയായേക്കും. വിവാദ നോട്ടുകൾ സ്വീകരിക്കില്ല എന്ന് ഉത്തരാഖണ്ഡിലെ ധാർച്ചുളയിലെ വ്യാപാരികൾ വ്യക്തമാക്കിയിട്ടുണ്ട്.