10/06/2026
[fontresizer_tawhidurrahmandear_widget]

സൈക്കിളിന്‍റെ ടയറില്‍ ഒളിപ്പിച്ചത് 1.02 കോടിയുടെ സ്വര്‍ണം! ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍ സ്വര്‍ണവേട്ട

 സൈക്കിളിന്‍റെ  ടയറില്‍ ഒളിപ്പിച്ചത് 1.02 കോടിയുടെ സ്വര്‍ണം! ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍ സ്വര്‍ണവേട്ട

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഏകദേശം 1.02 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. സൈക്കിളിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.

”ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതായി മാള്‍ഡയിലെ എംഎസ് പുര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിന്റെ 119 ബറ്റാലിയനിലെ സൈനികര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയത്. ഇതോടെ എല്ലാ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു” ബിഎസ്എഫിന്റെ സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതി സൈക്കിളുമായി അതിര്‍ത്തിയിലേക്ക് നീങ്ങുന്നത് കണ്ടാണ് തടഞ്ഞുനിര്‍ത്തി സൈന്യം പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തിരച്ചിലിനിടെ സൈക്കിളിന്റെ മുന്‍വശത്തെ ടയര്‍ അസാധാരണമാംവിധം വീര്‍ത്തതും കട്ടിയുള്ളതുമായി കാണപ്പെട്ടതാണു സൈനികരില്‍ സംശയം ജനിപ്പിച്ചത്. പരിശോധനയില്‍ ടയറിനകത്ത് ഒളിപ്പിച്ച ഏഴ് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്താനായെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പിടിച്ചെടുത്ത സ്വര്‍ണ ബിസ്‌ക്കറ്റുകളുടെ ഭാരം 816.41 ഗ്രാം വരും. 1,02,40,230 രൂപയാണ് ഇതിന്‍റെ വിപണിമൂല്യമെന്നാണു കണക്കാക്കുന്നത്.

Also read: