11/06/2026
[fontresizer_tawhidurrahmandear_widget]

ധാക്കയിലെ ചേരി തീപിടിത്തത്തില്‍ എരിഞ്ഞമര്‍ന്നത് 1,500 കുടിലുകള്‍ കുടിയും കിടപ്പാടവുമില്ലാതെ ആയിരങ്ങള്‍ തെരുവില്‍

 ധാക്കയിലെ ചേരി തീപിടിത്തത്തില്‍ എരിഞ്ഞമര്‍ന്നത് 1,500 കുടിലുകള്‍ കുടിയും കിടപ്പാടവുമില്ലാതെ ആയിരങ്ങള്‍ തെരുവില്‍

ധാക്ക: ബംഗ്ലാദേശിലെ കൊറൈൽ ചേരിപ്രദേശത്തുണ്ടായ തീപിടുത്തത്തിൽ 1,500 കുടിലുകൾ നശിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിപ്പുറപ്പെട്ട തീ അണയ്ക്കാൻ 16 മണിക്കൂർ വേണ്ടിവന്നുവെന്ന് അഗ്‌നിശമന വകുപ്പിലെ ഡ്യൂട്ടി ഓഫീസർ റാഷിദ് ബിൻ ഖാലിദ് പറഞ്ഞു.

ദുരന്തത്തിൽ ആയിരക്കണലധികം ആളുകൾ ഭവനരഹിതരായതായും ഫയർ സർവീസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് താജുൽ ഇസ്ലാം ചൗധരി സ്ഥിരീകരിച്ചു.

ഔദ്യോഗിക രേഖകൾ പ്രകാരം കാലാവസ്ഥാ ദുരന്തങ്ങൾ മൂലം കുടിയിറക്കപ്പെട്ടവരിൽ പലരും 65 ഹെക്ടർ (160 ഏക്കർ) വിസ്തൃതിയുള്ള ചേരിപ്രദേശത്ത് തിങ്ങിപ്പാർക്കുന്നുണ്ട്. ഏകദേശം 60,000 കുടുംബങ്ങൾ ഇത്തരത്തിൽ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാക്കയിലെ സമ്പന്നമായ ഗുൽഷൻ, ബനാനി ജില്ലകളോട് ചേർന്നാണ് കൊറൈൽ സ്ഥിതി ചെയ്യുന്നത്. ബഹുനില കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശം കൂടിയാണിത്.

അതേസമയം, പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം തീ അണയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് അഗ്‌നിശമന സേനാംഗങ്ങൾ അറിയിച്ചു. 2024 ലെ കണക്കനുസരിച്ച് 10.2 ദശലക്ഷം ആളുകൾ താമസിക്കുന്ന ധാക്കയിൽ, ദാരിദ്ര്യം, ചൂഷണം, കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ എന്നിവയിൽ നിന്ന് പലായനം ചെയ്യുന്ന ഗ്രാമീണ കുടിയേറ്റക്കാർ താമസിക്കുന്ന നൂറുകണക്കിന് ചേരികളുണ്ടെന്നാണ് കണക്ക്.

ഇതുവരെ ആളപായമൊന്നും ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും, നാശനഷ്ടങ്ങൾ പൂർണമാണെന്ന് താമസക്കാർ പറയുന്നു. സമീപ വർഷങ്ങളിലായി നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ തീപ്പിടുത്തങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കൂടി വരികയാണ്.

Also read: