ഗംഭീര്‍ തുടരും; ദയനീയ തോൽവിയിലും ഉറച്ച പിന്തുണയുമായി ബിസിസിഐ
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ. 2027 ഏകദിന ലോകകപ്പ് വരെ മൂന്ന് ഫോർമാറ്റുകളിലും ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യ പരമ്പര 0-2ന് അടിയറവു വെച്ചിരുന്നു. (Gautam Gambhir to resume as Team India coach: BCCI sources clarifies)
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്. നേരത്തെ ന്യൂസിലൻഡിനോടും ഇന്ത്യ 0-3ന് തോറ്റിരുന്നു. ഇതോടെ ഗംഭീറിനെതിരെ ആരാധകരും മുൻ താരങ്ങളും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകൾ ട്രെൻഡിംഗാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഗംഭീറിന്റെ തന്ത്രങ്ങൾ പരാജയമാണെന്നും ടീം ഉടച്ചുവാർക്കണമെന്നും മുൻ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, അനിൽ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.
എങ്കിലും ടെസ്റ്റിലെ തിരിച്ചടികൾക്കിടയിലും വൈറ്റ് ബോൾ ക്രിക്കറ്റിലെ നേട്ടങ്ങൾ ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഗംഭീറിന്റെ കീഴിൽ ഇന്ത്യ 2025 ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കാനും സാധിച്ചു. തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഇന്ത്യൻ ക്രിക്കറ്റാണ് തന്നേക്കാൾ വലുതെന്നും മത്സരശേഷം ഗംഭീർ പ്രതികരിച്ചിരുന്നു.
രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീം ഒരു മാറ്റത്തിന്റെ പാതയിലാണെന്നും ഈ ഘട്ടത്തിൽ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഗുണം ചെയ്യില്ലെന്നുമാണ് ബോർഡിന്റെ വിലയിരുത്തൽ. നിലവിൽ ടീമിന് സുസ്ഥിരതയാണ് ആവശ്യമെന്നും അതിനാലാണ് ഗംഭീറിന് തുടരാൻ അവസരം നൽകുന്നതെന്നും ബിസിസിഐ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഗംഭീറിനൊപ്പം ബൗളിംഗ് കോച്ച് മോർണി മോർക്കൽ ഉൾപ്പെടെയുള്ള സഹപരിശീലകരും സ്ഥാനത്ത് തുടരും.