27/01/2026

മഹായുതിയില്‍ പോര് കടുക്കുന്നു; ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസ്, നടപടി ബിജെപി നേതാവിനെതിരായ ഒളികാമറ ഓപറേഷനു പിന്നാലെ

 മഹായുതിയില്‍ പോര് കടുക്കുന്നു; ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസ്, നടപടി ബിജെപി നേതാവിനെതിരായ ഒളികാമറ ഓപറേഷനു പിന്നാലെ

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിലെ ഉള്‍പ്പോര് രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്യാനുള്ള ബിജെപി നീക്കം പുറത്തുവിട്ടതിനു പിന്നാലെ ഷിന്‍ഡെ ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ബിജെപി എംപിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ കൂടിയായ നീലേഷ് റാണയ്‌ക്കെതിരെയാണ് നടപടി. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. (Shinde Shiv Sena MLA Nilesh Rane booked for trespassing BJP worker’s house for ‘sting op’)

വോട്ടര്‍മാര്‍ക്കു നല്‍കാനായി സൂക്ഷിച്ച പണമെന്നു പറഞ്ഞാണ് ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് ‘സ്റ്റിങ് ഓപറേഷനി’ലൂടെ നോട്ടുകെട്ടുകള്‍ പിടികൂടിയത്. ഇതിനു പിന്നാലെയാണ് ശിവസേന നേതാവ് നീലേഷ് റാണെയ്ക്കെതിരെ മാല്‍വന്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബിജെപി പ്രവര്‍ത്തകനായ വിജയ് കേനവഡേക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. താനില്ലാത്ത സമയത്ത് റാണെയും സംഘവും വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി സൂക്ഷിച്ച പണമാണു വീട്ടില്‍നിന്ന് കണ്ടെത്തിയെന്നാണ് നീലേഷ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ‘സ്റ്റിങ് ഓപറേഷന്‍’ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, റാണെയുടെ ആരോപണങ്ങള്‍ വിജയ് കേനവഡേക്കര്‍ പൂര്‍ണമായും നിഷേധിച്ചു. വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായുള്ളതല്ലെന്നും, അത് തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച തുകയാണെന്നും അദ്ദേഹം പോലീസിന് മൊഴി നല്‍കി. രാഷ്ട്രീയപരമായ വൈരാഗ്യത്തിന്റെ ഭാഗമായാണ് റാണെ അതിക്രമം കാണിച്ചതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റാണെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയപരമായ പോരുകളുടെ തുടര്‍ച്ചയായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ഇരുവിഭാഗത്തെയും ചോദ്യം ചെയ്തു വരികയാണ്.

റാണെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഈ സംഭവത്തെയും നിരീക്ഷകര്‍ കാണുന്നത്. നീലേഷ് റാണെ നിലവില്‍ ശിവസേനയുടെ (ഷിന്‍ഡെ വിഭാഗം) നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരനായ നിതേഷ് റാണെയാകട്ടെ ബിജെപിയുടെ പ്രമുഖ നേതാവുമാണ്. ഇരുവരും തമ്മില്‍ രാഷ്ട്രീയപരമായ ഭിന്നത നിലനില്‍ക്കെ, നിതേഷ് റാണെയുമായി അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെ ലക്ഷ്യമിട്ടാണ് നീലേഷ് റാണെയുടെ ഒളികാമറ ഓപറേഷന്‍ എന്നാണ് ആരോപണം.

Also read: