10/06/2026
[fontresizer_tawhidurrahmandear_widget]

ഇമ്രാന്‍ ഖാന്‍ എവിടെ? ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും വമ്പന്‍ പ്രതിഷേധത്തിന് പിടിഐ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

 ഇമ്രാന്‍ ഖാന്‍ എവിടെ? ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും വമ്പന്‍ പ്രതിഷേധത്തിന് പിടിഐ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്/റാവല്‍പിണ്ടി: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പിടിഐ പ്രവര്‍ത്തകര്‍.

ഒരു മാസമായി ഇമ്രാനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന പരാതികള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ ഇന്ന് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

അതേസമയം, പ്രകടനങ്ങളെ തുടര്‍ന്ന് ഇരു നഗരങ്ങളിലും അധികൃതര്‍ 144 ഏര്‍പ്പെടുത്തി. റാവല്‍പിണ്ടിയിലെ അദിയാല ജയിലിനും ഇസ്ലാമാബാദ് ഹൈക്കോടതിക്കും പുറത്താണ് പ്രധാനമായും പ്രതിഷേധങ്ങള്‍ നടക്കുക. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ഇമ്രാന്‍ ഖാന്റെ കുടുംബാംഗങ്ങള്‍ക്കും പിടിഐ അംഗങ്ങള്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഇത് അദ്ദേഹം മരിച്ചിരിക്കാമെന്ന അഭ്യൂഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കാരണമായിരുന്നു.

അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവ് അനുഭവിക്കുന്ന ഇമ്രാന്‍ തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് പറയുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ രണ്ട് മാസത്തേക്കും റാവല്‍പിണ്ടിയില്‍ മൂന്ന് ദിവസത്തേക്കും ഒത്തുചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ചില ഗ്രൂപ്പുകള്‍ ശ്രമിച്ചേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതിലാണ് പ്രതിഷേധങ്ങളെന്ന് പിടിഐ നേതാക്കള്‍ വ്യക്തമാക്കി.

Also read: