10/06/2026
[fontresizer_tawhidurrahmandear_widget]

ടൂറിസ്റ്റുകളെ മാടിവിളിച്ച് ഖത്തർ; അറബ് കപ്പിനു മുന്നോടിയായി ‘ഹയ്യാ വിസ’യിൽ സുപ്രധാന മാറ്റങ്ങൾ; ഇനി രണ്ട് മാസം വരെ രാജ്യത്ത് തങ്ങാം

 ടൂറിസ്റ്റുകളെ മാടിവിളിച്ച് ഖത്തർ; അറബ് കപ്പിനു മുന്നോടിയായി ‘ഹയ്യാ വിസ’യിൽ സുപ്രധാന മാറ്റങ്ങൾ; ഇനി രണ്ട് മാസം വരെ രാജ്യത്ത് തങ്ങാം

ദോഹ: പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള ‘ഹയ്യാ എ2 വിസ’ കാലാവധി നീട്ടി ഖത്തർ. നേരത്തെ 30 ദിവസമായിരുന്ന പരമാവധി താമസ പരിധി, നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 60 ദിവസമായി (രണ്ട് മാസം) ഉയർത്തിക്കൊണ്ടാണ് ഖത്തർ അധികൃതർ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 8.5 ലക്ഷം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗൾഫ് നിവാസികൾക്ക് ഈ മാറ്റം വലിയ നേട്ടമാകും.

2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള തിരക്കേറിയ അന്താരാഷ്ട്ര പരിപാടികൾക്ക് മുന്നോടിയായാണ് ഈ സുപ്രധാന തീരുമാനം. പുതിയ നിയമപ്രകാരം, വിസ ഉടമകൾക്ക് പരിധിയില്ലാത്ത പ്രവേശന സൗകര്യത്തോടെ (Multiple-Entry) 60 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും. ഇത് ദോഹയിലേക്കും തിരിച്ചുമുള്ള ആവർത്തിച്ചുള്ള യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. അന്താരാഷ്ട്ര ഇവന്‍റുകളുടെ മുൻനിര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനും പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹയ്യാ പോർട്ടൽ വഴിയാണ് വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. യോഗ്യത നേടുന്നതിനായി അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള ജിസിസി റെസിഡൻസി ആവശ്യമാണ്. വിസ ഫീസ് 100 ഖത്തർ റിയാൽ തന്നെയായിരിക്കും.

ഹയ്യാ പോർട്ടൽ നിലവിൽ അഞ്ച് വിസ വിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ഇടിഎ ഉള്ള വിസ (A3), ജിസിസി കമ്പാനിയൻ സിറ്റിസൺ വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസ ഫ്രീ എൻട്രി (F1) എന്നിവയാണവ.

Also read: