10/06/2026
[fontresizer_tawhidurrahmandear_widget]

ആദ്യരാത്രിയിൽ വെളിച്ചം കുറയ്ക്കാൻ വധു ആവശ്യപ്പെട്ടു; ബൾബ് മാറ്റാൻ പോയവരനെ കാണാതായി

 ആദ്യരാത്രിയിൽ വെളിച്ചം കുറയ്ക്കാൻ വധു ആവശ്യപ്പെട്ടു; ബൾബ് മാറ്റാൻ പോയവരനെ കാണാതായി

മീററ്റ്: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിവാഹിതനായ ഒരു യുവാവ് ആദ്യരാത്രിയിൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അഞ്ച് ദിവസത്തേക്ക് അപ്രത്യക്ഷനായി. മൊഹ്‌സിൻ എന്ന യുവാവാണ് നാടകീയമായ തിരോധാനത്തിന് ശേഷം ഒടുവിൽ ഹരിദ്വാറിൽ നിന്ന് കുടുംബത്തിന്റെ അടുത്തേക്ക് തിരിച്ചെത്തിയത്.

ആദ്യരാത്രിയിൽ മുറിയിലെത്തിയ വധു, റൂമിൽ വെളിച്ചം കൂടുതലാണെന്ന് പരാതിപ്പെട്ടു. തുടർന്ന്, ഉയർന്ന പ്രകാശമുള്ള ബൾബ് മാറ്റി പകരം പ്രകാശം കുറഞ്ഞ മറ്റൊന്ന് സ്ഥാപിക്കാൻ മൊഹ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പുറത്തേക്ക് പോയ വരൻ പിന്നീട് തിരിച്ചുവന്നില്ല. രാത്രി മുഴുവൻ മൊഹ്‌സിനായി കാത്തിരുന്ന വധുവും കുടുംബാംഗങ്ങളും ഇതോടെ പരിഭ്രാന്തരായി പോലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ, മൊഹ്‌സിൻ ഗംഗാ കനാലിന്റെ സമീപം വരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ കനാലിൽ വീണതാകാം എന്ന സംശയത്തിൽ അധികൃതർ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് വിപുലമായ തിരച്ചിൽ ആരംഭിച്ചു. അഞ്ച് ദിവസത്തോളം ഈ തിരച്ചിൽ തുടർന്നു.

എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അഞ്ച് ദിവസത്തിന് ശേഷം മൊഹ്‌സിൻ തന്റെ ബന്ധുക്കളിൽ ഒരാളെ വിളിച്ച് താൻ ഹരിദ്വാറിലുണ്ടെന്ന് അറിയിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. പോലീസിന്റെ സഹായത്തോടെ കുടുംബം ഹരിദ്വാറിലെത്തി അദ്ദേഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നു.

കാണാതായതിനെക്കുറിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, വധുവിന്റെ മുന്നിൽ താൻ കടുത്ത സമ്മർദ്ദവും തീവ്രമായ ഉത്കണ്ഠയും(Anxiety) അനുഭവിച്ചെന്നും, അതിനാലാണ് അവിടെ നിന്ന് ഓടിപ്പോയതെന്നും മൊഹ്‌സിൻ വെളിപ്പെടുത്തി. ഒരു ബൾബ് മാറ്റാൻ പോയതിന് പിന്നാലെ വരൻ മുങ്ങിയ സംഭവം നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Also read: