ഇന്ത്യയിലെ കസ്റ്റമർമാർക്ക് വേണ്ടി പുലരുവോളം ജോലി: സാൻ ഫ്രാൻസിസ്കോയിൽ യുവസംരംഭകനെതിരെ അയല്‍വാസികളുടെ പരാതി;കാരണം കേട്ടാല്‍ നിങ്ങള്‍ ചിരിക്കും
സാൻ ഫ്രാൻസിസ്കോ: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാൻ ഫ്രാൻസിസ്കോയിലെ ഒരു യുവ സംരംഭകൻ രാത്രി വൈകി ജോലി ചെയ്തത് അദ്ദേഹത്തിന് ഇപ്പോൾ പുലിവാലായിരിക്കുകയാണ്. സമയപരിധി പാലിക്കാൻ രാത്രി വൈകിയും ജോലി ചെയ്യുന്ന സ്ഥാപകനെതിരെ ശബ്ദശല്യം ആരോപിച്ച് അയൽവാസികൾ രംഗത്തെത്തി!
വൈ കോമ്പിനേറ്ററിന്റെ ‘ബോൾന’ എന്ന എഐ സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ പ്രതീക് സച്ചനാണ് കഥയിലെ നായകൻ. സച്ചൻ താമസിക്കുന്ന എയർബിഎൻബിയിലെ താഴെ നിലയിലുള്ള താമസക്കാർക്കാണ് ഈ ‘ലേറ്റ് നൈറ്റ് സർവീസ്’ കാരണം ബുദ്ധിമുട്ടുണ്ടായത്.
പ്രതീക് സച്ചന്റെ ടീമും കസ്റ്റമർമാരും ഇന്ത്യയിലാണ്. അതുകൊണ്ട്, അവരുടെ സമയവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് പലപ്പോഴും സാൻ ഫ്രാൻസിസ്കോ സമയം പുലർച്ചെ അഞ്ചു മണി വരെ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ടി വരും. ഈ സമയത്തുള്ള അദ്ദേഹത്തിന്റെ ജോലി സംബന്ധമായ സംസാരങ്ങളും മറ്റ് ശബ്ദങ്ങളുമാണ് അയൽക്കാർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചത്.
എന്നാൽ, സച്ചന്റെ എയർബിഎൻബി ഹോസ്റ്റ് രംഗത്തെത്തിയതോടെ കാര്യങ്ങൾ മറ്റൊരു വഴിത്തിരിവിലായി. സച്ചൻ ഒരു മാതൃകാപരമായ അതിഥിയാണ് എന്നും മുൻപ് ശബ്ദശല്യത്തെക്കുറിച്ച് പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും ഹോസ്റ്റ് അയൽക്കാരെ അറിയിച്ചു. മാത്രമല്ല, ഇന്ത്യൻ സമയം അനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്ന സച്ചന്റെ സാഹചര്യത്തെ ഹോസ്റ്റ് ന്യായീകരിക്കുകയും ചെയ്തു.
എയർബിഎൻബി നിയമങ്ങളെക്കുറിച്ച് പരാതിക്കാർക്ക് ധാരണയില്ലെന്ന് ഹോസ്റ്റ് സൂചന നൽകിയതോടെ എന്തുചെയ്യണമെന്നറിയാതെ അയൽക്കാർ ആശയക്കുഴപ്പത്തിലായതായാണ് സച്ചൻ പ്രതികരിച്ചത്.