ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചുകഴിയുന്ന ലബനാന്‍ ഒരു പാഠമാണ്-ലിയോ മാര്‍പാപ്പ
റോം: യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്‍ലാമോഫോബിയ (ഇസ്‍ലാം മതവിദ്വേഷം) പലപ്പോഴും, വ്യത്യസ്ത മതവിശ്വാസികളെയും വംശീയരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആളിക്കത്തിക്കുന്നതാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളിലെ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഐടിഎ എയര്‍വേയ്സിന്റെ'(ITA Airways) പ്രത്യേക വിമാനത്തില്‍ വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Pope Leo cites Turkiye and Lebanon as models to counter Europe’s Islamophobia)
ക്രിസ്ത്യാനികളും മുസ്‌ലിംകളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ലബനന്‍ മാതൃകയില്‍ നിന്ന് യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഭയത്തിന് പകരം പരസ്പര ബഹുമാനത്തിന്റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമോഫോബിയയും പാശ്ചാത്യ ഭയവും ഇസ്ലാം മതം പാശ്ചാത്യരുടെ ക്രിസ്ത്യന്‍ സ്വത്വത്തിന് ഭീഷണിയാണെന്ന ചില കത്തോലിക്കരുടെ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാര്‍പ്പാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘തുര്‍ക്കിയിലും ലബനനിലും ഞാന്‍ നടത്തിയ കൂടിക്കാഴ്ചകളെല്ലാം സമാധാനത്തിലും മതസൗഹാര്‍ദത്തിലും ഊന്നിയുള്ളതായിരുന്നു. യൂറോപ്പില്‍ ചിലപ്പോഴൊക്കെ ഭയം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍, കുടിയേറ്റത്തെ എതിര്‍ക്കുന്നവരും മറ്റൊരു രാജ്യത്ത് നിന്നോ മതത്തില്‍ നിന്നോ വരുന്നവരെ പുറന്തള്ളാന്‍ ആഗ്രഹിക്കുന്നവരുമാണ് ഈ ഭയം പലപ്പോഴും ആളിക്കത്തിക്കുന്നത്.’
‘ഇസ്ലാമും ക്രിസ്തുമതവും പരസ്പരം ബഹുമാനിക്കുകയും സൗഹൃദത്തോടെ കഴിയുകയും ചെയ്യുന്ന ലബനന്‍ ലോകത്തിന് തന്നെ വലിയൊരു പാഠമാണ്. തകര്‍ന്നടിഞ്ഞ ഗ്രാമങ്ങളില്‍ പോലും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം സഹായിക്കുന്ന കഥകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഞാന്‍ കേട്ടത്. നമ്മള്‍ അല്‍പ്പം കൂടി ഭയം വെടിയേണ്ടതുണ്ട്. യൂറോപ്പും അമേരിക്കയും യഥാര്‍ത്ഥ സംവാദത്തിനും പരസ്പര ബഹുമാനത്തിനും വഴികള്‍ തേടണം,’ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഇസ്രയേല്‍-ലബനന്‍ സമാധാന നീക്കങ്ങള്‍ പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായുള്ള ബന്ധം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന്, ‘സുസ്ഥിരമായ സമാധാനം സാധ്യമാണെന്ന് താന്‍ വിശ്വസിക്കുന്നു’ എന്ന് അദ്ദേഹം മറുപടി നല്‍കി. ഇതിനായി ചില നേതാക്കളുമായി താന്‍ നേരിട്ടും വത്തിക്കാന്‍ വഴിയും ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പരസ്യമായി പ്രഖ്യാപിക്കാറില്ല, അത് പിന്നാമ്പുറങ്ങളിലൂടെ നടക്കുന്ന നീക്കങ്ങളാണ്. ആയുധങ്ങള്‍ വെടിഞ്ഞ് ചര്‍ച്ചയുടെ മേശപ്പുറത്തേക്ക് വരാന്‍ കക്ഷികളെ പ്രേരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഹിസ്ബുല്ലയ്ക്ക് തന്റെ സന്ദേശം ലഭിച്ചുവെന്നും, ആയുധം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നതാണ് സഭയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ യുദ്ധവും നാറ്റോയും നാറ്റോ അംഗമല്ലാത്തതിനാല്‍ വത്തിക്കാന് യുക്രൈന്‍ വിഷയത്തില്‍ നേരിട്ടുള്ള പങ്കാളിത്തമില്ലെങ്കിലും വെടിനിര്‍ത്തലിനായി ആഹ്വാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിനെ ഒഴിവാക്കിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ സമാധാന പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കവെ, ‘യൂറോപ്പിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. ഇക്കാരണത്താലാണ് ആ നിര്‍ദേശം പിന്നീട് മാറ്റിയത്. ചരിത്രപരമായും സാംസ്‌കാരികമായും ഇറ്റലിക്ക് ഒരു മധ്യസ്ഥന്റെ റോളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നീതിയുക്തമായ സമാധാനത്തിനായുള്ള ഏത് മധ്യസ്ഥ ശ്രമങ്ങളെയും വത്തിക്കാന്‍ പിന്തുണയ്ക്കുമെന്നും ലിയോ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.