കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി -വിമാനത്താവളത്തിൽ എത്തിയത്.
വിമാനത്തിൽ നിന്നിറങ്ങിയ പുടിനെ മോദി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിമാനത്താവളത്തിൽ നിന്ന് ഒരേ വാഹനത്തിൽ ഇരുനേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര തിരിച്ചത് എന്നതും ശ്രദ്ധേയമായി.
സാധാരണയായി വെവ്വേറെ വാഹനങ്ങളിൽ സഞ്ചരിക്കുന്ന പതിവ് ഒഴിവാക്കി, മോദിയുടെ ടൊയോട്ട ഫോർച്യൂണർ കാറിലാണ് ഇരുവരും 7 ലോക് കല്യാൺ മാർഗിലെ വസതിയിലേക്ക് പോയത്. അവിടെ ഇരുനേതാക്കളും സ്വകാര്യ അത്താഴവിരുന്നിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി.
വെള്ളിയാഴ്ച നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ വ്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യും. ബ്രഹ്മോസ് മിസൈൽ, എസ്-400 വ്യോമ പ്രതിരോധ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക കരാറുകളിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 65 ബില്യൺ ഡോളറിലെത്തിയ വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്താനും വ്യാപാര കമ്മി കുറയ്ക്കാനുമുള്ള ചർച്ചകളും ഉച്ചകോടിയിൽ നടക്കും.
റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ റഷ്യ സമ്മർദ്ദം നേരിടുമ്പോഴും, ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാണെന്ന് തെളിയിക്കുന്നതാണ് ഈ സന്ദർശനം. “ഇതൊരു വെറും സന്ദർശനമല്ല, തകർക്കാനാവാത്ത സൗഹൃദത്തിന്റെ പ്രഖ്യാപനമാണ്” – പ്രധാനമന്ത്രി പറഞ്ഞു.