‘ഇനിയും ജീവിക്കാന്‍ കഴിയില്ല’; ഗസ്സ കൂട്ടക്കുരുതിയില്‍ പങ്കെടുത്ത ഒരു ഇസ്രയേലി സൈനികന്‍ കൂടി ജീവനൊടുക്കി
തെല്‍ അവീവ്: ഗസ്സ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തിനൊടുവില്‍ ഇസ്രയേലി സൈനികന്‍ ജീവനൊടുക്കി. ഗിവതി ബ്രിഗേഡിന്റെ ഭാഗമായ റിസര്‍വ് ഓഫീസരായ തോമസ് എഡ്സ്ഗോസ്‌കസ് ആണ് ആത്മഹത്യ ചെയ്തത്. ഗസ്സയിലെ സൈനിക നടപടികളുടെ ഭാഗമായിരുന്നു 28കാരന്‍.
യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതമാണ്(PTSD) ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇസ്രയേലി മാധ്യമമായ ‘ഇസ്രയേല്‍ ഹയോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന് മുന്‍പ് തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വേദനിപ്പിക്കുന്നതാണ്. ‘എനിക്ക് ഇനിയും ജീവിക്കാന്‍ കഴിയില്ല. പൂര്‍ണമായും തകര്‍ന്നുപോയിരിക്കുന്നു’- എന്നായിരുന്നു അദ്ദേഹം അവസാനമായി കുറിച്ചത്. ഗസ്സ അതിര്‍ത്തിയിലെ ഇസ്രയേലി സെറ്റില്‍മെന്റുകളില്‍ നടന്ന സൈനിക നടപടികളില്‍ തോമസ് നേരിട്ട് പങ്കെടുത്തിരുന്നു.
ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രയേലി സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 279 സൈനികര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അതില്‍ 36 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധക്കളത്തിലെ അനുഭവങ്ങള്‍ സൈനികരുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവം.
മരണപ്പെട്ട ഓഫീസറുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ക്ക് ആവശ്യമായ മാനസികരോഗ്യ പിന്തുണ ഉറപ്പാക്കുമെന്ന് ഐഡിഎഫ് വക്താവ് വ്യക്തമാക്കി.