04/06/2026
[fontresizer_tawhidurrahmandear_widget]

മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1750 കോടി നിക്ഷേപിക്കുന്നു

 മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1750 കോടി നിക്ഷേപിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 1750 കോടി ഡോളറിന്റെ (ഏകദേശം 1.48 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

2026 മുതൽ 2029 വരെയുള്ള നാല് വർഷക്കാലയളവിലാണ് ഈ തുക നിക്ഷേപിക്കുക. 2025 ജനുവരിയിൽ പ്രഖ്യാപിച്ച 300 കോടി ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണിത്. ഇതോടെ ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ ആകെ നിക്ഷേപം 2000 കോടി ഡോളറിലധികമാകും. ഇന്ത്യയെ “എഐ ഫസ്റ്റ്” രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, നിർമിത ബുദ്ധി (AI), നൈപുണ്യ വികസനം എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2026 പകുതിയോടെ ഹൈദരാബാദിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ റീജിയൻ മൈക്രോസോഫ്റ്റ് ആരംഭിക്കും. ഇതിനു പുറമെ പൂനെ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ നിലവിലുള്ള ക്ലൗഡ് സൗകര്യങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

സർക്കാർ, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്കായി ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന പ്രത്യേക ‘സോവറിൻ ക്ലൗഡ്’ സേവനങ്ങൾ ലഭ്യമാക്കും. ഡാറ്റ രാജ്യത്തിന് പുറത്തുപോകാതെ തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് സഹായിക്കും.

2030-ഓടെ 2 കോടി ഇന്ത്യക്കാർക്ക് എഐ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാൻ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും സംരംഭകരെ സഹായിക്കാനും ഉതകുന്ന വിപുലമായ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എഐ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ’ എന്ന ആശയത്തിന് പൂർണ്ണ പിന്തുണ നൽകുന്നതാണ് ഈ നിക്ഷേപമെന്ന് സത്യ നാദെല്ല എക്‌സിൽ കുറിച്ചു.

ഇന്ത്യയെ വിശ്വസനീയമായ സാങ്കേതിക പങ്കാളിയായി ലോകം ഉറ്റുനോക്കുകയാണെന്നും, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് എഐ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് ഈ നിക്ഷേപം കരുത്തേകുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

ഗൂഗിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, മൈക്രോസോഫ്റ്റിന്റെ ഈ നീക്കം ഇന്ത്യൻ ടെക് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

Also read: