27/01/2026

‘വന്ദേമാതരം പിറന്നത് ഇസ്‌ലാമിക അധിനിവേശത്തിലൂടെ; രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍’- അമിത് ഷാ പാര്‍ലമെന്റില്‍

 ‘വന്ദേമാതരം പിറന്നത് ഇസ്‌ലാമിക അധിനിവേശത്തിലൂടെ; രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍’- അമിത് ഷാ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ രചനയ്ക്ക് പിന്നില്‍ ഇസ്‌ലാമിക അധിനിവേശമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക അധിനിവേശങ്ങള്‍ക്കും പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലുകള്‍ക്കും ഉള്ള മറുപടിയായാണ് വന്ദേമാതരം പിറന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്‌ലാമിക അധിനിവേശത്തിലൂടെ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായി. അതിനുശേഷം ബ്രിട്ടീഷുകാര്‍ അവരുടെ നാഗരികത ഇന്ത്യക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ സാംസ്‌കാരിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ‘വന്ദേമാതരം’ രചിച്ചത്. ഭാരതത്തിന്റെ ‘സാംസ്‌കാരിക ദേശീയത’ എന്ന ആശയമാണ് അതിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചതെന്ന് ഷാ ചൂണ്ടിക്കാട്ടി.

വന്ദേമാതരത്തെ പൂര്‍ണമായി അംഗീകരിക്കുന്നതിന് പകരം പ്രീണനത്തിന്റെ പേരില്‍ അത് വിഭജിച്ചതാണ് രാജ്യവിഭജനത്തിന് കാരണമായതെന്ന് ഷാ ആവര്‍ത്തിച്ചു. ‘വന്ദേമാതരം അന്ന് രണ്ടായി വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനവും സംഭവിക്കില്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു’- അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നത് നിയമങ്ങളല്ല, മറിച്ച് ഇവിടുത്തെ സംസ്‌കാരമാണെന്ന് ഷാ പറഞ്ഞു. 2047-ല്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമ്പോഴും വന്ദേമാതരം പ്രസക്തമായിരിക്കും. മഹര്‍ഷി അരബിന്ദോ വന്ദേമാതരത്തെ വെറുമൊരു ഗാനമായല്ല, ഇന്ത്യയുടെ ആത്മീയ ശക്തിയുടെ പ്രതീകമായാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: