‘ഇവിഎമ്മിന്റെ സോഴ്സ് കോഡ് ആരുടെ കയ്യിൽ? ‘ബാലറ്റ് പേപ്പർ തിരിച്ചു കൊണ്ടുവരണമെന്ന് മനീഷ് തിവാരി പാർലമെൻ്റിൽ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും, യന്ത്രങ്ങളുടെ നിയന്ത്രണമുള്ള ‘സോഴ്സ് കോഡിന്റെ’ ഉടമസ്ഥാവകാശം ആർക്കാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്സഭയിൽ. ശീതകാല സമ്മേളനത്തിനിടെ ഇവിഎം സുരക്ഷയും തെരഞ്ഞെടുപ്പ് സുതാര്യതയും സംബന്ധിച്ച അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇവിഎമ്മുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തിവാരി തള്ളി. ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധിക്കാത്ത ഒരു സാങ്കേതികവിദ്യയും ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയ്ക്ക് പരിമിതികളുണ്ടെന്നും, അതിനാൽ ഇവിഎമ്മിൽ കൃത്രിമം നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സഭയിൽ വാദിച്ചു. ജനാധിപത്യത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ‘ബാലറ്റ് പേപ്പർ’ രീതിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിഎമ്മുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ‘സോഴ്സ് കോഡ്’ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള കസ്റ്റഡിയിലാണോ, അതോ യന്ത്രങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് (BEL), ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ECIL) എന്നിവയുടെ കൈവശമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. സോഴ്സ് കോഡ് കമ്പനികളുടെ പക്കലാണെങ്കിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണ്ണ നിയന്ത്രണം കമ്മീഷന് ഉണ്ടെന്ന് എങ്ങനെ പറയാനാകുമെന്ന നിയമപരമായ ചോദ്യം അദ്ദേഹം ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധയിടങ്ങളിൽ നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന’യുടെ (എസ്ഐആർ) നിയമസാധുതയും അദ്ദേഹം ചോദ്യം ചെയ്തു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം പരിശോധനകൾ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാനുള്ള നീക്കമാണോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.