ഭൂകമ്പത്തിന് തൊട്ടുമുമ്പ് ആകാശത്ത് നിഗൂഢമായനീല വെളിച്ചം; ജപ്പാനിൽ കണ്ടത് ‘എർത്ത്‌ക്വേക്ക് ലൈറ്റ്‌സ്’?
ടോക്കിയോ: വടക്കൻ ജപ്പാനിലെ അമോറി പ്രിഫെക്ചറിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തൊട്ടുമുമ്പ് ആകാശത്ത് കണ്ട നിഗൂഢമായ നീല വെളിച്ചം കൗതുകവും ഭീതിയും പരത്തുന്നു. രാത്രിയുടെ ഇരുളിൽ ആകാശം നീലനിറത്തിൽ തിളങ്ങുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയത് വൈറലായതോടെ, ‘എർത്ത്‌ക്വേക്ക് ലൈറ്റ്‌സ്’ (Earthquake Lights) എന്ന അപൂർവ്വ പ്രതിഭാസത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
ഭൂചലനം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മിന്നൽ പിണർ പോലെ നീല വെളിച്ചം ആകാശത്ത് മിന്നിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്താണ് ഈ നീല വെളിച്ചം?
ഭൂകമ്പത്തിന് മുമ്പോ, നടക്കുമ്പോഴോ, ശേഷമോ ആകാശത്ത് ദൃശ്യമാകുന്ന പ്രകാശവിസ്മയത്തെയാണ് ‘എർത്ത്‌ക്വേക്ക് ലൈറ്റ്‌സ്’ എന്ന് വിളിക്കുന്നത്. ഇതിനെക്കുറിച്ച് ശാസ്ത്രലോകത്ത് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമായും പറയപ്പെടുന്ന കാരണം ഇതാണ്:
ടെക്റ്റോണിക് സമ്മർദ്ദം
ഭൂമിക്കടിയിലെ പാറകൾ തമ്മിലുരസുമ്പോഴുണ്ടാകുന്ന (Tectonic stress) വലിയ മർദ്ദം കാരണം വൈദ്യുത ചാർജ്ജുകൾ സ്വതന്ത്രമാക്കപ്പെടുന്നു. ഈ ചാർജ്ജുകൾ ഭൗമോപരിതലത്തിലേക്ക് ഉയരുകയും വായുവിനെ അയണീകരിച്ച് (Ionization) പ്ലാസ്മ പോലെയുള്ള പ്രകാശം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ശാസ്ത്രീയ അടിത്തറ
ഇതൊരു പൂർണ്ണമായി തെളിയിക്കപ്പെട്ട പ്രതിഭാസമല്ലെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കുന്നു. ചിലപ്പോൾ വൈദ്യുത ലൈനുകൾ പൊട്ടുമ്പോഴുണ്ടാകുന്ന തീപ്പൊരിയാകാം ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതെന്നും വാദമുണ്ട്. എങ്കിലും, 2014-ൽ സീസ്‌മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച പഠനത്തിൽ, 5.0-ന് മുകളിൽ തീവ്രതയുള്ള ഭൂചലനങ്ങളുടെ സമയത്ത് ഇത്തരം പ്രകാശങ്ങൾ (ഷീറ്റ് മിന്നലുകളോ, പ്രകാശഗോളങ്ങളോ ആയി) കാണപ്പെടാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജപ്പാനിലെ പുതിയ ദൃശ്യങ്ങൾ ഈ നിഗൂഢതയിലേക്കുള്ള അന്വേഷണങ്ങൾക്ക് വീണ്ടും വേഗം കൂട്ടിയിരിക്കുകയാണ്.