’ബിജെപിക്ക് കടുംപിടുത്തം; കോൺഗ്രസ് വിശാലം, ഉദാരം’ -തുറന്നടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്
ചണ്ഡീഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് സ്വന്തം പാർട്ടിയുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനവുമായി രംഗത്ത്. ബിജെപി നേതൃത്വം കടുംപിടുത്തക്കാരാണെന്നും, താരതമ്യേന കോൺഗ്രസ് കൂടുതൽ ജനാധിപത്യപരമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.
2022-ൽ ബിജെപിയിൽ ചേർന്ന അമരീന്ദർ, പാർട്ടിയിലെ തീരുമാനങ്ങൾ മുകൾത്തട്ടിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളുമായോ പ്രവർത്തകരുമായോ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ സമീപനം തികച്ചും യാന്ത്രികവും കർക്കശവുമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പഴയ തട്ടകമായ കോൺഗ്രസിനെക്കുറിച്ച് വാചാലനായ അദ്ദേഹം, അവിടെ അനുഭവസമ്പത്തിന് വലിയ വിലയുണ്ടായിരുന്നെന്നും വിശാലമായ ചർച്ചകൾക്ക് ശേഷമേ തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നുള്ളൂ എന്നും അനുസ്മരിച്ചു. കോൺഗ്രസ് പാർട്ടിക്ക് പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കാനും സ്വീകരിക്കാനുമുള്ള ‘വഴക്കം’ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ സമിതി അംഗമായ അമരീന്ദർ സിംഗിന്റെ ഈ പരസ്യപ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.