‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതിയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
‘പള്ളിക്കെട്ട് ശബരിമലക്ക് ‘ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെങ്ങും യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഡിഎഫിന്റെ വമ്പന്‍ വിജയത്തിനു പിന്നാലെ, ജനവിധിയെ സ്വാധീനിക്കുന്ന തരത്തില്‍ വലിയ സ്വീകാര്യതയാണ് പാട്ടിനു ലഭിച്ചതെന്ന തരത്തിലും വിലയിരുത്തല്‍ വന്നിരുന്നു. എന്നാല്‍, ഈ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും വിശ്വാസികളെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല പരാതി നല്‍കിയത്.
സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി. ഭക്തിഗാനത്തെ വികൃതമാക്കി അവതരിപ്പിച്ചതിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെയും സിപിഎം നേതാക്കളുടെ പങ്കിനെയും പരിഹസിക്കുന്ന തരത്തിലാണ് ‘പോറ്റിയേ കേറ്റിയേ’ എന്ന വരികളോടെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാദാപുരം ചാലപ്പുറം സ്വദേശിയും പ്രവാസിയുമായ ജി.പി കുഞ്ഞബ്ദുല്ലയാണ് രചയിതാവ്. സുബൈര്‍ പന്തല്ലൂര്‍ നിര്‍മിച്ച ഗാനം, ഡാനിഷ് മലപ്പുറം ആണ് പാടിയത്.