‘ഞാൻ ജയിച്ചെടാ മോനേ…’- ഷുഹൈബിന്റെ ഖബറിടത്തിൽ കണ്ണീരോടെ റിജിൽ മാക്കുറ്റി
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് എടയന്നൂർ. ആദികടലായി ഡിവിഷനിൽ നിന്ന് ജയിച്ചുകയറിയ റിജിൽ മാക്കുറ്റി നേരെ എത്തിയത് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ഖബറിടത്തിലേക്കാണ്. തന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വിജയവിവരമറിയിച്ച റിജിൽ, ആ വിജയം ഷുഹൈബിനായി സമർപ്പിച്ചു.
‘ഞാൻ ജയിച്ചടാ മോനെ ഷുഹൈബേ’ എന്ന റിജിലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഷുഹൈബ് ഉണ്ടായിരുന്നെങ്കിൽ വിജയം ഏറ്റവും കൂടുതൽ ആഘോഷിക്കുമായിരുന്നുവെന്നും, പ്രിയപ്പെട്ടവന്റെ സാന്നിധ്യമില്ലാത്ത വേദന മായുന്നില്ലെന്നും റിജിൽ കുറിച്ചു. ഖബറിടം സന്ദർശിച്ച ശേഷം അദ്ദേഹം ഷുഹൈബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കണ്ടു.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ആദികടലായിൽ 713 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് റിജിൽ വിജയിച്ചത്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന ഡിവിഷനിൽ സിപിഐ സ്ഥാനാർത്ഥിയെ ബഹുദൂരം പിന്നിലാക്കിയാണ് റിജിലിന്റെ മുന്നേറ്റം. 2018ൽ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടർച്ചയായാണ് വിജയത്തെ കോൺഗ്രസ് പ്രവർത്തകർ കാണുന്നത്.
റിജിൽ മാക്കുറ്റി 1404 വോട്ടുകൾ നേടിയപ്പോൾ എതിരാളി എം.കെ ഷാജിക്ക് 691 വോട്ടുകൾ മാത്രമാണ് നേടാനായത്. എസ്ഡിപിഐ, ബിജെപി സ്ഥാനാർത്ഥികൾ യഥാക്രമം മൂന്നും അഞ്ചും സ്ഥാനങ്ങളിലായി. ഷുഹൈബ് വധക്കേസിൽ സിപിഎം പ്രവർത്തകർ പ്രതികളായ പശ്ചാത്തലത്തിൽ, ഈ വിജയം രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ് ജില്ലയിൽ നൽകുന്നത്.