30/03/2026
[fontresizer_tawhidurrahmandear_widget]

‘നെഹ്‌റുവിന്റെ കത്തുകൾ സ്വകാര്യ സ്വത്തല്ല’; രേഖകൾ തിരികെ നൽകണമെന്ന് സോണിയ ഗാന്ധിയോട് കേന്ദ്ര സർക്കാർ

 ‘നെഹ്‌റുവിന്റെ കത്തുകൾ സ്വകാര്യ സ്വത്തല്ല’; രേഖകൾ തിരികെ നൽകണമെന്ന് സോണിയ ഗാന്ധിയോട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകളും ഔദ്യോഗിക രേഖകളും തിരികെ നൽകണമെന്ന് സോണിയ ഗാന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. 2008-ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) നിന്ന് കൊണ്ടുപോയ അടങ്ങുന്ന 51 കാർട്ടൺ രേഖകൾ രാജ്യത്തിന്റെ ചരിത്രപരമായ പൈതൃകത്തിന്റെ ഭാഗമാണെന്നും ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

നെഹ്‌റുവിന്റെ പ്രധാനപ്പെട്ട പല രേഖകളും മ്യൂസിയത്തിൽ നിന്ന് കാണാതായെന്ന വിവാദങ്ങൾക്കിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. രേഖകൾ കാണാതായിട്ടില്ലെന്നും അവ സോണിയ ഗാന്ധിയുടെ കൈവശമുണ്ടെന്ന് ഉറപ്പാണെന്നും മന്ത്രാലയം അറിയിച്ചു.

2008 ഏപ്രിൽ 29-ന് സോണിയ ഗാന്ധിയുടെ പ്രതിനിധിയായ എം.വി രാജൻ നൽകിയ അപേക്ഷ പ്രകാരമാണ് കുടുംബപരമായ കത്തുകളും കുറിപ്പുകളും മ്യൂസിയത്തിൽ നിന്ന് കൈമാറിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വകാര്യ കത്തുകൾ എന്ന നിലയിലാണ് അന്ന് ഇവ കൊണ്ടുപോയത്.

സർക്കാരിന്റെ വാദം
ഈ രേഖകൾ ചരിത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ പൊതു മ്യൂസിയത്തിൽ തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇവ തിരികെ ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിലും ജൂലൈ മാസത്തിലും സോണിയ ഗാന്ധിയുടെ ഓഫീസുമായി കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

നേരത്തെ, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പാർലമെന്റിൽ നൽകിയ മറുപടിയെത്തുടർന്ന് കോൺഗ്രസ് കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൃത്യമായ രേഖകൾ സഹിതം വസ്തുതകൾ നിരത്തി സർക്കാർ വിശദീകരണം നൽകിയത്.

Also read: