പത്മകുമാറിനെ ഇനിയും ചുമക്കണോ? പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദമാണ് പരാജയത്തിന് പ്രധാന കാരണമെന്നും ഇത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.
വിവാദങ്ങളില്‍ പാര്‍ട്ടിക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് നേതാക്കള്‍ തുറന്നടിച്ചു. പത്മകുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയാണ്. ഇതിനൊപ്പം എന്‍. വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയതും തെറ്റായ തീരുമാനമായിരുന്നുവെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പത്മകുമാറിനെതിരായ നടപടി സംബന്ധിച്ച് ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനമെടുത്ത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
ശബരിമല പാരഡിഗാന വിവാദത്തില്‍ പരാതി നല്‍കുന്നതിലും പാര്‍ട്ടി തന്ത്രപരമായ മാറ്റം വരുത്തിയിട്ടുണ്ട്. പാര്‍ട്ടി നേരിട്ട് പരാതി നല്‍കുന്നതിന് പകരം പന്തളം രാജകുടുംബാംഗമായ പ്രദീപ് വര്‍മ്മയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. അതേസമയം, പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലനോട് വിശദീകരണം തേടാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അദ്ദേഹം മത്സരരംഗത്ത് ഇറങ്ങിയത് തന്നെ ഉചിതമായില്ലെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.