10/06/2026
[fontresizer_tawhidurrahmandear_widget]

അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ സി.പി.എം

 അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ സി.പി.എം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയര്‍ പദവി ലഭിക്കാത്തതിലുള്ള തന്റെ കടുത്ത പ്രതിഷേധം തുടരുകയാണ്. പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ആശംസകള്‍ നേരാന്‍ പോലും തയ്യാറാകാത്ത ശ്രീലേഖ താന്‍ അപമാനിതയായെന്ന വികാരമാണ് നേതാക്കളോട് പങ്കുവെച്ചത്.

നേരത്തെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ ശ്രീലേഖയ്ക്ക് മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഇടപെടല്‍ വി.വി. രാജേഷിന് അനുകൂലമാവുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്നും പാതിവഴിയില്‍ ഇറങ്ങിപ്പോയ ശ്രീലേഖയെ അനുനയിപ്പിക്കാന്‍ വി.വി. രാജേഷും സംഘവും വീട്ടിലെത്തി സന്ദര്‍ശിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, മേയര്‍ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് സി.പി.എം കോടതിയിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പ് അസാധുവാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ബിജെപി, യുഡിഎഫ് അംഗങ്ങളടക്കം 20 പേര്‍ ചട്ടം ലംഘിച്ചാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് സി.പി.എം നേതാവ് എസ്.പി. ദീപക് ആരോപിച്ചു. ബലിദാനികളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്നും നിയമപരമായ സത്യപ്രതിജ്ഞ ചെയ്തവരുടെ വോട്ടുകള്‍ മാത്രം പരിഗണിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്.

Also read: