27/01/2026

അണ്ടർ-19 ഏഷ്യാ കപ്പ്: ഇന്ത്യക്ക് 191 റൺസ് തോൽവി, പാകിസ്താന് കിരീടം

 അണ്ടർ-19 ഏഷ്യാ കപ്പ്: ഇന്ത്യക്ക് 191 റൺസ് തോൽവി, പാകിസ്താന് കിരീടം

ദുബൈ: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ 191 റൺസിന് പരാജയപ്പെടുത്തി പാകിസ്താൻ കിരീടം സ്വന്തമാക്കി. 2012-ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ ഏഷ്യ കപ്പ് കിരീടത്തിൽ ഒറ്റയ്ക്ക് മുത്തമിടുന്നത്. ദുബൈയിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയാണ് പാകിസ്താൻ ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർ സമീർ മിൻഹാസിന്റെ തകർപ്പൻ പ്രകടനമാണ് പാകിസ്താൻ ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 113 പന്തിൽ നിന്ന് 172 റൺസ് അടിച്ചുകൂട്ടിയ മിൻഹാസ്, അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി. ഈ പ്രകടനത്തോടെ പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങളും മിൻഹാസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 26.2 ഓവറിൽ 156 റൺസിൽ അവസാനിച്ചു. 348 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ തുടക്കത്തിലേ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. വൈഭവ് സൂര്യവംശി ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു. പത്താമനായി ഇറങ്ങി 16 പന്തിൽ 36 റൺസ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താൻ നിരയിലെ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്ക് ഫൈനലിൽ മധുരപ്രതികാരം വീട്ടാൻ പാകിസ്താൻ ടീമിന് സാധിച്ചു. ടൂർണമെന്റിലുടനീളം പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് കിരീടപ്പോരാട്ടത്തിലെ ബാറ്റിംഗ് തകർച്ച തിരിച്ചടിയായി.

Also read: