’നേരിട്ടത് പതിറ്റാണ്ടുകൾ നീണ്ട ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും’; ഹാജി മസ്താന്റെ മകൾ നീതി തേടി പ്രധാനമന്ത്രിക്ക് മുന്നിൽ
മുംബൈ: അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സമീപിച്ചു. നിർബന്ധിത ബാലവിവാഹം, ലൈംഗിക പീഡനം, സ്വത്ത് തട്ടിയെടുക്കൽ എന്നീ ഗുരുതര പരാതികളുമായാണ് ഹസീൻ ഉന്നത നേതൃത്വത്തിന് അപേക്ഷ നൽകിയത്.
1994-ൽ പിതാവിന്റെ മരണശേഷം താൻ കടുത്ത ഒറ്റപ്പെടലിലായെന്നും 1996-ൽ പ്രായപൂർത്തിയാകുന്നതിന് മുൻപേ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കപ്പെട്ടെന്നും ഹസീൻ ആരോപിക്കുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൂരമായ ലൈംഗികാതിക്രമങ്ങളും വധശ്രമങ്ങളും നേരിടേണ്ടി വന്നു. തിരിച്ചറിയൽ രേഖകൾ വ്യാജമായി ചമച്ചും ഭീഷണിപ്പെടുത്തിയും തന്റെ സ്വത്തുക്കൾ തട്ടിയെടുത്തതായും അവർ ആരോപിച്ചു.
മുത്തലാഖ് നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത ഹസീൻ, ലൈംഗിക അതിക്രമങ്ങൾക്കും ശൈശവ വിവാഹത്തിനുമെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
തന്റെ പോരാട്ടം പിതാവിന്റെ പാരമ്പര്യത്തിന് വേണ്ടിയല്ലെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണെന്നും അവർ വ്യക്തമാക്കി. നിലവിൽ വധഭീഷണി നേരിടുന്നതിനാൽ ഭയത്തോടെയാണ് കഴിയുന്നതെന്നും അവർ വെളിപ്പെടുത്തി.