’ആ വാക്കുകൾ മറക്കില്ല, പക്ഷെ അവർ മാപ്പ് പറഞ്ഞു’; ബുംറയുടെയും പന്തിന്റെയും ‘കുള്ളൻ’ വിളിയിൽ മൗനം വെടിഞ്ഞ് ബാവുമ
കൊൽക്കത്ത: ഏറെ വിവാദങ്ങൾക്കിടയാക്കിയ ‘കുള്ളൻ’ (Bauna) പരാമർശത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും ഋഷഭ് പന്തും നടത്തിയ അധിക്ഷേപത്തിൽ ഇരുവരും നേരിട്ടെത്തി ക്ഷമാപണം നടത്തിയതായി ബാവുമ വെളിപ്പെടുത്തി. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയിലെ (ESPNcricinfo) തന്റെ കോളത്തിലാണ് ബാവുമ കാര്യങ്ങൾ വിശദീകരിച്ചത്.
സംഭവം ഇങ്ങനെ
നവംബർ 14-ന് ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. ബാവുമയെ പുറത്താക്കാനുള്ള എൽബിഡബ്ല്യു അപ്പീൽ അമ്പയർ തള്ളിയതോടെ ഡിആർഎസ് (DRS) എടുക്കുന്നതിനെക്കുറിച്ച് ബുംറയും പന്തും ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് ബാവുമയുടെ ഉയരത്തെ പരിഹസിക്കുന്ന രീതിയിൽ ‘ബൗണ’ (കുള്ളൻ) എന്ന അധിക്ഷേപ പദം ബുംറ ഉപയോഗിച്ചത്. സ്റ്റമ്പ് മൈക്കിലൂടെ ഈ സംഭാഷണം തത്സമയം പുറത്തുവന്നത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സംഭവസമയത്ത് ഹിന്ദിയിലുള്ള സംഭാഷണം തനിക്ക് മനസ്സിലായിരുന്നില്ലെന്ന് ബാവുമ പറയുന്നു. “അവർ എന്നെക്കുറിച്ച് അവരുടെ ഭാഷയിൽ എന്തോ പറയുന്നത് അന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് പന്തും ബുംറയും നേരിട്ട് വന്ന് ക്ഷമ ചോദിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് ബോധ്യപ്പെട്ടത്. ആദ്യം എന്തിനാണ് ക്ഷമ ചോദിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീട് ടീം മീഡിയ മാനേജർ വിശദീകരിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്,” ബാവുമ കുറിച്ചു.
മൈതാനത്തെ വാക്കുകൾ എളുപ്പത്തിൽ മായ്ച്ചു കളയാൻ കഴിയില്ലെന്ന് ബാവുമ ഓർമ്മിപ്പിച്ചു. ഇത്തരം സംഭവങ്ങൾ എലൈറ്റ് ക്രിക്കറ്റിന്റെ വീറും വാശിയും കൊണ്ട് സംഭവിക്കുന്നതാണെങ്കിലും, വ്യക്തിപരമായ അധിക്ഷേപങ്ങൾ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. “കളിക്കളത്തിലെ കാര്യങ്ങൾ അവിടെ അവസാനിക്കുമെങ്കിലും ചില വാക്കുകൾ നമ്മൾ ഒരിക്കലും മറക്കില്ല. ആ പരിഹാസങ്ങളെ ഞാൻ കളി ജയിക്കാനുള്ള ഇന്ധനമായും പ്രചോദനമായും ആണ് ഉപയോഗിച്ചത്,” ബാവുമ കൂട്ടിച്ചേർത്തു.
24 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ (2-0) വൈറ്റ്‌വാഷ് ചെയ്ത ഏക വിദേശ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടത്തിന്റെ തിളക്കത്തിലാണ് ബാവുമയുടെ ഈ വെളിപ്പെടുത്തൽ വരുന്നത്.