27/01/2026

‘കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍

 ‘കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് അധഃപതിച്ചുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മ്മിത ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഷിബു ബേബി ജോണിന്റെ വെല്ലുവിളി. ‘ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയും അന്നത്തെ ദേവസ്വം മന്ത്രിയും എന്തിനാണ് ഒത്തുകൂടിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്വര്‍ണ്ണം കടത്തപ്പെട്ട സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന വ്യക്തി പ്രതിക്കൊപ്പം ഇരിക്കുന്നത് കാണുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ദുരൂഹത തോന്നാത്തതെന്നും അദ്ദേഹം ചോദിച്ചു. ബെംഗളൂരു വിമാനത്താവളത്തിലേതെന്ന് കരുതുന്ന ചിത്രങ്ങളാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. പഞ്ചായത്ത് മെമ്പര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പോലും കൃത്യമായ അന്വേഷണം നടക്കാറുള്ളപ്പോള്‍ ഇത്തരം വ്യക്തികള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.
ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?

Also read: