ഒടുവിൽ പിടിയിൽ; വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈയിൽ നിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബർ രണ്ടിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനായിരുന്നു തമിഴ്‌നാട് പൊലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ പുറത്തിറങ്ങിയ ബാലമുരുകൻ പൊലീസുകാരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.