28/03/2026
[fontresizer_tawhidurrahmandear_widget]

പഞ്ചസാര എന്ന ‘വെളുത്ത വിഷം’; നിത്യവും കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? 5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

 പഞ്ചസാര എന്ന ‘വെളുത്ത വിഷം’; നിത്യവും കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? 5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

പഞ്ചസാര മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമുള്ളതല്ലെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നമ്മൾ നിത്യവും ഉപയോഗിക്കുന്ന പാനീയങ്ങൾ മുതൽ ബ്രെഡ്, കെച്ചപ്പ്, പീനട്ട് ബട്ടർ തുടങ്ങിയ ഭക്ഷണങ്ങളിൽ വരെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര നമ്മുടെ ശരീരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഈ ‘വെളുത്ത വിഷം’ അമിതമായി ഉള്ളിലെത്തുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു.

പഞ്ചസാര അമിതമായാൽ ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിയുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
പഞ്ചസാര വില്ലനാകുന്ന 5 പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

  1. കരളിനെ ബാധിക്കുന്ന അമിതഭാരം: പഞ്ചസാരയിലെ ഫ്രക്ടോസിനെ വിഘടിപ്പിക്കാൻ കരളിന് മാത്രമേ സാധിക്കൂ. അമിതമായി പഞ്ചസാര ഉപയോഗിക്കുമ്പോൾ കരളിന് ഇത് താങ്ങാനാവില്ല. ഇത് ഫ്രക്ടോസിനെ കൊഴുപ്പായി മാറ്റുകയും കരൾ കോശങ്ങളിൽ അടിഞ്ഞുകൂടി ‘നോൺആൽക്കഹോളിക് ഫാറ്റി ലിവർ’ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  2. ഇൻസുലിൻ പ്രതിരോധവും പ്രമേഹവും: പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. ഇത് നിയന്ത്രിക്കാൻ പാൻക്രിയാസ് അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരുന്നു. കാലക്രമേണ ഇൻസുലിൻ ഉത്പാദനം കുറയുകയോ ശരീരം അത് ഫലപ്രദമായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നു.
  3. ഹൃദയാരോഗ്യം അപകടത്തിലാക്കുന്നു: പഞ്ചസാര രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിൽ വിട്ടുമാറാത്ത വീക്കം (inflammation) ഉണ്ടാക്കുകയും ചെയ്യുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂടാനും ഇത് കാരണമാകുന്നു. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.
  4. വിശപ്പ് നിയന്ത്രണം നഷ്ടപ്പെടുന്നു: പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ‘ലെപ്റ്റിൻ’ (Leptin) ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം വയർ നിറഞ്ഞാലും വീണ്ടും വിശപ്പ് അനുഭവപ്പെടുകയും കൂടുതൽ മധുരം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു, ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.
  5. കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു: ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് പോലുള്ള കൃത്രിമ പഞ്ചസാരകൾ ചെറുകുടലിൽ ശരിയായി ആഗിരണം ചെയ്യപ്പെടുന്നില്ല. ഇത് വൻകുടലിലെ ബാക്ടീരിയകൾ പുളിപ്പിക്കുകയും വയർ വീർക്കൽ, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

എങ്ങനെ സ്വയം നിയന്ത്രിക്കാം?
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നിർദ്ദേശപ്രകാരം പുരുഷന്മാർ പ്രതിദിനം 9 ടീസ്പൂണിൽ (36 ഗ്രാം) കൂടുതൽ പഞ്ചസാര ഉപയോഗിക്കരുത്. സ്ത്രീകൾക്ക് ഇത് 6 ടീസ്പൂണാണ് (24 ഗ്രാം).

ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിന് പിന്നിലെ ‘ന്യൂട്രീഷൻ ലേബൽ’ നിർബന്ധമായും വായിക്കുക. ഫ്രക്ടോസ്, കോൺ സിറപ്പ്, ഡെക്‌സ്‌ട്രോസ്, മൊളാസസ് തുടങ്ങിയ വിവിധ പേരുകളിൽ പഞ്ചസാര ഒളിഞ്ഞിരിക്കാം. ബേക്കറി പലഹാരങ്ങൾക്കും സംസ്‌കരിച്ച പാനീയങ്ങൾക്കും പകരം പ്രോട്ടീനും നാരുകളും അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വഴിതുറക്കും.

Also read: