നിലയ്ക്കാത്ത കരഘോഷത്തിന് നടുവില്‍ ‘ബോണ്ടി ഹീറോ’ അഹമ്മദ്; സിഡ്നിയില്‍ ആഷസ് ടെസ്റ്റിനിടെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഏറ്റുവാങ്ങി
സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന ആദരിക്കല്‍ ചടങ്ങില്‍ അഹമ്മദ് അല്‍ അഹമ്മദ്
സിഡ്നി: ബോണ്ടി ബീച്ച് വെടിവെപ്പില്‍ അക്രമിയെ ധീരമായി നേരിട്ട അഹമ്മദ് അല്‍-അഹമ്മദിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) ആവേശോജ്ജ്വല സ്വീകരണം. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് അദ്ദേഹത്തെ ആദരിച്ചത്.
സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികള്‍ എഴുന്നേറ്റ് നിന്ന് വന്‍ കരഘോഷത്തോടെയാണ് 43-കാരനെ വരവേറ്റത്. ആക്രമണത്തിനിടെ പരിക്കേറ്റതിനാല്‍ വലതു കൈ സ്ലിങ്ങിലിട്ടാണ് അഹമ്മദ് ഗ്രൗണ്ടിലെത്തിയത്. ഓസ്ട്രേലിയന്‍-ഇംഗ്ലീഷ് താരങ്ങള്‍ അദ്ദേഹത്തിന് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കി ആദരവ് അര്‍പ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ 14നായിരുന്നു ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് ആക്രമണം നടന്നത്. ജൂതസമുദായത്തിന്റെ ഹാനുക്ക ആഘോഷത്തിനിടെ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 42-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടയില്‍ സിറിയന്‍ വംശജനായ പഴക്കച്ചവടക്കാരന്‍ അഹമ്മദ് അല്‍-അഹമ്മദ്, അക്രമികളില്‍ ഒരാളെ നേരിടുകയും അയാളുടെ കയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയുമായിരുന്നു. നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ച യുവാവിന്റെ ധീരകൃത്യം ലോകം ഏറ്റെടുത്തിരുന്നു. അഹമ്മദിന്റെ ധീരമായ ഇടപെടലില്‍ കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ സഹായിച്ചു.
അഹമ്മദിനൊപ്പം, വെടിവെപ്പില്‍ പരിക്കേറ്റ 14-കാരി ചായ ദാദോനെയും ചടങ്ങില്‍ ആദരിച്ചു. രണ്ട് കുട്ടികളെ വെടിയുണ്ടകളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചായയ്ക്ക് പരിക്കേറ്റത്. ക്രച്ചസിലാണ് ചായ മൈതാനത്തെത്തിയത്. ഇവരെ കൂടാതെ, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ പാരാമെഡിക്കുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ലൈഫ് ഗാര്‍ഡുകള്‍ എന്നിവര്‍ക്കും ആദരവ് നല്‍കി.
മരണപ്പെട്ട 15 പേരുടെ പേരുകള്‍ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും ഹസ്തദാനം നല്‍കി. മനുഷ്യസ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായി മാറിയ അഹമ്മദ് അല്‍-അഹമ്മദിനെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഒന്നടങ്കം നെഞ്ചിലേറ്റുന്ന കാഴ്ചയാണ് ഞായറാഴ്ച കണ്ടത്.