26/01/2026

‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; കേരളത്തിന്റെ ഗതാഗത കുരുക്കഴിക്കാന്‍ ‘സ്പീഡ് കേരള’- വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’

 ‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; കേരളത്തിന്റെ ഗതാഗത കുരുക്കഴിക്കാന്‍ ‘സ്പീഡ് കേരള’- വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’

തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായ-പൊതുമരാമത്ത് മേഖലകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം, ഭരണരംഗത്തെ കാര്യക്ഷമതയിലൂടെയും സംഘാടക മികവിലൂടെയും ശ്രദ്ധ നേടുകയായിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാരമ്പര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും

മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്കും, തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതൃസ്ഥാനങ്ങളിലേക്കും അദ്ദേഹം പടിപടിയായി ഉയര്‍ന്നു.

ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ച നേതാവാണ് അദ്ദേഹം. നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണ്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും, മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയും ഇബ്രാഹീം കുഞ്ഞാണെന്നത് ചരിത്രപരമായ പ്രത്യേകതയാണ്.

വ്യവസായ വിപ്ലവം (2005-2006)

പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005 ജനുവരി ആറിന് വി.കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2006 മെയ് വരെ നീണ്ടുനിന്ന ഈ ചുരുങ്ങിയ കാലയളവില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. കുഞ്ഞാലിക്കുട്ടി തുടക്കമിട്ട വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം, പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

ഇക്കാലയളവില്‍ രാജ്യം നേരിട്ട ഗുരുതരമായ വ്യവസായ മാലിന്യ പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുകയും, കര്‍ശനമായ പരിശോധനകള്‍ക്കായി ഒരു മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഘട്ടമായിരുന്നു അത്. എന്നാല്‍, വ്യവസായ രംഗത്തെയും മാലിന്യ നിര്‍മ്മാര്‍ജന രംഗത്തെയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കൃത്യമായ ഒരു പദ്ധതി തയ്യാറാക്കുകയും, അത് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തതിലൂടെ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രശസ്തമായ ‘നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്'(NUALS) കളമശ്ശേരിയില്‍ യാഥാര്‍ത്ഥ്യമായത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. സര്‍വകലാശാലയ്ക്ക് ആവശ്യമായ 10 ഏക്കര്‍ സ്ഥലം കിന്‍ഫ്രയില്‍ നിന്നും സൗജന്യമായി അനുവദിച്ചു നല്‍കിയത് ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയായിരുന്ന കാലത്താണ്.

പൊതുമരാമത്ത് വകുപ്പിലെ വിപ്ലവകരമായ പരിഷ്ക്കാരങ്ങള്‍ (2011-2016)

2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. കാലഹരണപ്പെട്ട രീതികളെ പൊളിച്ചെഴുതാനും ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാനും അദ്ദേഹം കാണിച്ച ധീരത വകുപ്പിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

അദ്ദേഹം നടപ്പാക്കിയ ചരിത്ര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലതു പറയാം:

  1. പി.ഡബ്യു.ഡി മാനുവല്‍ പരിഷ്‌കരണം: നാല് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടര്‍ന്ന പി.ഡബ്യു.ഡി മാനുവല്‍ കാലത്തിനൊത്ത മാറ്റങ്ങളോടെ പരിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ‘ക്വാളിറ്റി ലാബുകള്‍’ സ്ഥാപിച്ചത് സുപ്രധാന നേട്ടമായി.
  2. സുതാര്യതയ്ക്ക് ഇ-ഗവേണന്‍സ്: നിര്‍മാണ പ്രവൃത്തികളിലെ അഴിമതി തടയുന്നതിനും മത്സരാധിഷ്ഠിതമാക്കുന്നതിനുമായി ‘ഇ-ടെണ്ടര്‍’ സംവിധാനം നടപ്പാക്കി. കരാറുകാര്‍ക്കുള്ള പണം വേഗത്തില്‍ ലഭിക്കാന്‍ ‘ഇ-പേയ്‌മെന്റ്’ രീതിയും ആവിഷ്‌കരിച്ചു. ഇത് വകുപ്പിന്റെ കാര്യക്ഷമത പതിന്മടങ്ങ് വര്‍ധിപ്പിച്ചു.
  3. വേഗത്തില്‍ തീര്‍ത്ത പാലങ്ങള്‍: കേരള ചരിത്രത്തില്‍ ആദ്യമായി ‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’ എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
  4. ‘സ്പീഡ് കേരള’ പദ്ധതി: സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ‘സ്പീഡ് കേരള’ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഫ്‌ലൈഓവറുകള്‍, റിങ് റോഡുകള്‍, പുതിയ പാലങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
  5. നിര്‍മാണങ്ങള്‍ക്ക് ഗ്യാരന്റി: റോഡുകള്‍ക്കും പാലങ്ങള്‍ക്കും മൂന്നു വര്‍ഷത്തെ ‘പെര്‍ഫോമന്‍സ് ഗ്യാരന്റി’ നിര്‍ബന്ധമാക്കി. കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ എഗ്രിമെന്റ് എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കൂ എന്ന കര്‍ശന നിലപാട് സ്വീകരിച്ചു. ഇത് റോഡുകളുടെ ആയുസ്സ് വര്‍ധിക്കാന്‍ കാരണമായി.
  6. ലോകബാങ്ക് സഹായവും കേന്ദ്ര ഫണ്ടും: നഷ്ടപ്പെട്ട ലോകബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് കഴിഞ്ഞു. ലോകബാങ്ക് സഹായത്തോടെയുള്ള രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടക്കം കുറിച്ചു. കൂടാതെ, 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലമെടുപ്പ് നിയമത്തിന് അനുരൂപമായ ചട്ടങ്ങള്‍ നിര്‍മ്മിച്ച് ഉത്തരവിറക്കി വികസന തടസങ്ങള്‍ നീക്കി.
  7. ചരിത്രപരമായ പദ്ധതികള്‍:

ബജറ്റ് വിഹിതത്തിന്റെ 300 ഇരട്ടിവരെ തുക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തി. ശബരിമലയിലേക്കുള്ള റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍ നവീകരിക്കുകയും, ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന കണമലപ്പാലം നിര്‍മിക്കുകയും ചെയ്തു. മമ്പുറം പാലം, മലയാറ്റൂര്‍-കോടനാട് പാലം എന്നിവ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.

ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമായി 50-50 കോസ്റ്റ് ഷെയറിങ്(ചെലവ് പങ്കിടല്‍) അടിസ്ഥാനത്തില്‍ ആലപ്പുഴ, കൊല്ലം ബൈപ്പാസുകളുടെ നിര്‍മാണം ഏറ്റെടുത്ത് ആരംഭിച്ചു.

അംഗീകാരങ്ങളും പുരസ്‌കാരങ്ങളും

മികച്ച ഭരണാധികാരി എന്ന നിലയില്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഡെക്കാന്‍ ക്രോണിക്കിള്‍ ബെസ്റ്റ് മിനിസ്റ്റര്‍ (2012): ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ നടത്തിയ സര്‍വേയില്‍ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് പുരസ്‌കാരം സമ്മാനിച്ചത്.

കേരള രത്‌ന പുരസ്‌കാരം (2012): യു.കെ കേരള ബിസിനസ് ഫോറം, ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ്, കേരളീയം യു.കെ ചാപ്റ്റര്‍ എന്നിവര്‍ സംയുക്തമായി നല്‍കിയ പുരസ്‌കാരം. ലണ്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനില്‍ നിന്നാണ് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങിയത്.

മറ്റ് പുരസ്‌കാരങ്ങള്‍: 2012-ലെ കേളീ കേരള പുരസ്‌കാരം(ബെസ്റ്റ് മിനിസ്റ്റര്‍), മികച്ച മന്ത്രിക്കുള്ള യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വികസനത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, ഭരണനിര്‍വഹണത്തിലെ കൃത്യതയും വി.കെ ഇബ്രാഹിംകുഞ്ഞിനെ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായി അടയാളപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ വരും കാലങ്ങളിലും കേരളത്തിന് മുതല്‍ക്കൂട്ടായിരിക്കും.

Also read: