03/04/2026
[fontresizer_tawhidurrahmandear_widget]

ആലപ്പുഴ ചാരുംമൂട്ടിൽ സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ! സൗദി റിയാലും രണ്ടായിരത്തിന്റെ നോട്ടുകളും കണ്ടെത്തി

 ആലപ്പുഴ ചാരുംമൂട്ടിൽ സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ! സൗദി റിയാലും രണ്ടായിരത്തിന്റെ നോട്ടുകളും കണ്ടെത്തി

ആലപ്പുഴ: ചാരുംമൂട്ടിൽ വാഹനാപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ കണ്ടെടുത്തു. ചാരുംമൂട് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ ഇയാളെ ഇന്നലെ രാവിലെയാണ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറനാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സഞ്ചികളിൽ നിന്ന് വൻതുക കണ്ടെത്തിയത്.

ആശുപത്രിയിൽ നൽകിയ വിവരങ്ങൾ പ്രകാരം കായംകുളം തൈപ്പറമ്പിൽ അനിൽ കിഷോർ എന്നാണ് ഇയാളുടെ പേര്. അപകടത്തിന് പിന്നാലെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ഇയാൾ വിദഗ്ധ ചികിത്സയ്ക്ക് നിൽക്കാതെ രാത്രിയോടെ അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇന്നലെ രാവിലെ നൂറനാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി ഇയാളുടെ അഞ്ച് സഞ്ചികൾ സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പണം കണ്ട് ഞെട്ടിയത്.

പ്ലാസ്റ്റിക് ടിന്നുകളിലും പേഴ്‌സുകളിലുമായി അടുക്കി ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു പണം. പഞ്ചായത്ത് അംഗം ഫിലിപ്പ് ഉമ്മന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 4,52,207 രൂപ കണ്ടെത്തി. ഇതിൽ പിൻവലിച്ച 2000 രൂപയുടെ 12 നോട്ടുകളും സൗദി റിയാലും ഉണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളെക്കുറിച്ച് നിലവിൽ സൂചനകളില്ലെന്നും കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.

Also read: