‘ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്കൂ’- ഓപറേഷൻ സിന്ദൂറില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപദേശങ്ങള്‍ക്ക് മറുപടിയുമായി എസ്. ജയശങ്കർ
പാരിസ്: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസ്, ലക്‌സംബർഗ് സന്ദർശനത്തിനിടെയാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ‘ഫ്രീ ഉപദേശങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നവർ സ്വന്തം മേഖലയിലെ അക്രമങ്ങളെയും അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഓപ്പറേഷൻ സിന്ദൂരിലൂടെ നൂറിലധികം ഭീകരരെ സൈന്യം വധിച്ചിരുന്നു. ഈ നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ച രാജ്യങ്ങൾ അവർക്ക് താൽപ്പര്യമുള്ള ഇടങ്ങളിൽ മാത്രം നിയമങ്ങൾ നടപ്പിലാക്കുകയാണെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
അടുത്തിടെ വെനസ്വേലയിൽ യുഎസ് നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യ-പാക് വിഷയത്തിൽ താൻ മധ്യസ്ഥത വഹിച്ചു എന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെയും അദ്ദേഹം തള്ളി. ബാഹ്യമായ ഇടപെടലുകൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങാതെ സ്വന്തം സുരക്ഷാ നയങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.