07/03/2026
[fontresizer_tawhidurrahmandear_widget]

ലാലുവിന്‍റെ കൊച്ചുമകന്‍ സിംഗപ്പൂര്‍ സൈന്യത്തില്‍; വാർത്ത പങ്കുവെച്ച് രോഹിണി ആചാര്യ

 ലാലുവിന്‍റെ കൊച്ചുമകന്‍ സിംഗപ്പൂര്‍ സൈന്യത്തില്‍; വാർത്ത പങ്കുവെച്ച് രോഹിണി ആചാര്യ

പട്‌ന: ലാലു പ്രസാദ് യാദവിന്റെ ചെറുമകൻ സിംഗപ്പൂർ സൈന്യത്തിൽ ചേർന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കൊച്ചുമകൻ ആദിത്യ യാദവാണ് സിംഗപ്പൂരിൽ രണ്ട് വർഷത്തെ നിർബന്ധിത സൈനിക പരിശീലനം (National Service) ആരംഭിച്ചത്. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് തന്റെ മകൻ രാജ്യസേവനത്തിനായി പോകുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

പ്രിയൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ ശേഷമാണ് 18 വയസ്സുകാരനായ ആദിത്യ അടിസ്ഥാന സൈനിക പരിശീലനത്തിന് (BMT) ചേർന്നത്. ‘ഇന്ന് എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു. ആദിത്യ നീ ധീരനും അച്ചടക്കമുള്ളവനുമാണ്. ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളാണ് യഥാർത്ഥ യോദ്ധാക്കളെ വാർത്തെടുക്കുന്നത്,’ എന്ന് രോഹിണി ആചാര്യ എക്‌സിൽ കുറിച്ചു. മുൻ ബീഹാർ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും രണ്ടാമത്തെ മകളായ രോഹിണി ആചാര്യയുടെയും സമരേഷ് സിംഗിന്റെയും മൂത്ത മകനാണ് ആദിത്യ.

എന്താണ് സിംഗപ്പൂരിലെ സൈനിക സേവനം?

സിംഗപ്പൂർ നിയമപ്രകാരം എല്ലാ പുരുഷ പൗരന്മാരും രണ്ടാം തലമുറ സ്ഥിരതാമസക്കാരും (PR) 18 വയസ്സ് തികയുമ്പോൾ രണ്ട് വർഷത്തെ നിർബന്ധിത ദേശീയ സേവനം (National Service) പൂർത്തിയാക്കേണ്ടതുണ്ട്. ആദിത്യ യാദവ് ഈ നിയമത്തിന്റെ ഭാഗമായാണ് പരിശീലനത്തിൽ ഏർപ്പെടുന്നത്. സിംഗപ്പൂർ ആംഡ് ഫോഴ്‌സ്, സിവിൽ ഡിഫൻസ് ഫോഴ്‌സ്, അല്ലെങ്കിൽ പോലീസ് ഫോഴ്‌സ് എന്നിവയിലേതെങ്കിലും ഒന്നിലാണ് സേവനം അനുഷ്ഠിക്കേണ്ടത്.

രണ്ട് വർഷത്തെ മുഴുവൻ സമയ സേവനത്തിന് ശേഷം, റാങ്ക് അനുസരിച്ച് 40 അല്ലെങ്കിൽ 50 വയസ്സ് വരെ ഇവർ റിസർവ് സേനയുടെ ഭാഗമായി തുടരും. ശാരീരിക ക്ഷമത, ആയുധങ്ങൾ കൈകാര്യം ചെയ്യൽ, അച്ചടക്കം, നേതൃത്വപാടവം എന്നിവ വളർത്താനാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്. വിദേശ പൗരത്വം ഉണ്ടെങ്കിലും സിംഗപ്പൂരിലെ സ്ഥിരതാമസക്കാർ എന്ന നിലയിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും സിംഗപ്പൂർ നൽകാറുണ്ട്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനായി രോഹിണി തന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള കൗമാരക്കാരൻ കഠിനമായ സൈനിക പരിശീലനത്തിന് തയ്യാറായത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. മകന്റെ ഉത്തരവാദിത്തബോധത്തെയും അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേർ പോസ്റ്റ് പങ്കുവെക്കുന്നുണ്ട്.

Also read: