27/01/2026

അബുദാബി ലുലുവിൽ നിന്ന് 6.6 ലക്ഷം ദിർഹം തട്ടിയെടുത്ത് ജീവനക്കാരൻ മുങ്ങി; വന്‍ കവര്‍ച്ച നടത്തിയത് 15 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി

 അബുദാബി ലുലുവിൽ നിന്ന് 6.6 ലക്ഷം ദിർഹം തട്ടിയെടുത്ത്  ജീവനക്കാരൻ മുങ്ങി; വന്‍ കവര്‍ച്ച നടത്തിയത് 15 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി

അബുദാബി: യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വൻ പണമിടപാട് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അബുദാബി ഖാലിദിയ മാൾ ബ്രാഞ്ചിലെ ക്യാഷ് ഓഫീസിൽ നിന്ന് ഏകദേശം 6,60,000 ദിർഹം (ഏകദേശം 1.5 കോടി രൂപ) തട്ടിയെടുത്ത് മുതിർന്ന ജീവനക്കാരൻ ഒളിവിൽ പോയതായായി ’ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. 15 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന 38 വയസ്സുകാരനായ ഇന്ത്യൻ പൗരനാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാൾ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫീസിലെ വൻ തുകയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. പണവുമായി ഇയാൾ രാജ്യം വിടാതിരിക്കാൻ അബുദാബി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും പെട്ടെന്നൊരു ദിവസം വിശദീകരണങ്ങളൊന്നുമില്ലാതെ ഇയാൾ വീടൊഴിഞ്ഞതായും സൂചനയുണ്ട്.

സംഭവത്തിൽ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യുഎഇയിലെ കർശനമായ സുരക്ഷാ സംവിധാനങ്ങളെയും ഓഡിറ്റിംഗ് രീതികളെയും വെല്ലുവിളിച്ച് നടന്ന തട്ടിപ്പ് ചില്ലറ വ്യാപാര മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. സമാനമായ രീതിയിൽ പണം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചവരെ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയ ചരിത്രമുള്ളതിനാൽ, പ്രതി ഉടൻ നിയമത്തിന് മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Also read: