27/01/2026

വാഹന രജിസ്‌ട്രേഷൻ മുടങ്ങില്ല; പിഴ ഗഡുക്കളായി അടയ്ക്കാം- ദുബൈ പോലീസിന്റെ അറിയിപ്പ്

 വാഹന രജിസ്‌ട്രേഷൻ മുടങ്ങില്ല; പിഴ ഗഡുക്കളായി അടയ്ക്കാം-  ദുബൈ പോലീസിന്റെ അറിയിപ്പ്

ദുബൈ: വാഹന രജിസ്‌ട്രേഷൻ പുതുക്കുന്ന വേളയിൽ വൻതുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ യഥാസമയം തിരിച്ചറിയുന്നതിനും പിഴകൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ നിർദ്ദേശിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

പിഴകൾ ഗഡുക്കളായി അടയ്ക്കാം
ഭീമമായ പിഴത്തുക ഒറ്റയടിക്ക് അടയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബൈ പോലീസ് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. പിഴകൾ ഗഡുക്കളായി (Installments) അടയ്ക്കാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡു അടയ്ക്കുന്നതോടെ വാഹനത്തിന്റെ ട്രാഫിക് ഫയലിലുള്ള ‘ബ്ലോക്ക്’ നീക്കം ചെയ്യപ്പെടും. ഇത് ഉടമകൾക്ക് കാലതാമസമില്ലാതെ രജിസ്‌ട്രേഷൻ പുതുക്കാനും മറ്റ് സേവനങ്ങൾ തേടാനും സഹായകമാകും. ബാങ്ക് പങ്കാളികൾ വഴിയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും പിഴകൾ നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക
വാഹന ഉടമകൾ തങ്ങളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും ട്രാഫിക് ഫയലിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. പലപ്പോഴും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ വാഹനം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന നിയമലംഘനങ്ങൾ ഉടമ അറിയാതെ പോകുന്നത് പിഴകൾ കുമിഞ്ഞുകൂടാൻ കാരണമാകുന്നുണ്ട്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഓരോ നിയമലംഘനവും ഉടൻ തന്നെ SMS വഴി അറിയിപ്പായി ലഭിക്കും. ഇത് ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ബ്രിഗേഡിയർ സുവൈദാൻ ചൂണ്ടിക്കാട്ടി.

ശബ്ദ മലിനീകരണത്തിനെതിരെ കർശന നടപടി
ജനവാസ മേഖലകളിൽ ശബ്ദ മലിനീകരണം തടയുന്നതിനായി അതീവ സംവേദനക്ഷമതയുള്ള റഡാറുകൾ ദുബൈ പോലീസ് വിന്യസിച്ചിട്ടുണ്ട്. എഞ്ചിൻ അമിതമായി ഇരപ്പിക്കുന്നതും നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തി ശബ്ദം വർദ്ധിപ്പിക്കുന്നതും റഡാറുകൾ കൃത്യമായി കണ്ടെത്തും. സ്‌പോർട്‌സ് കാറുകൾ പോലെയുള്ള വാഹനങ്ങൾ ട്രാഫിക് സിഗ്‌നലുകളിൽ നിർത്തിയിടുമ്പോൾ ബോധപൂർവ്വം എഞ്ചിൻ ഇരപ്പിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യും. പിഴകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

Also read: