തിമിംഗലങ്ങൾക്കും മുൻപേ കടൽ ഭരിച്ചവൻ; 56 ദശലക്ഷം വർഷം പഴക്കമുള്ള ’ഭീകരൻ്റെ’ ഫോസിൽ കണ്ടെത്തി ശാസ്ത്രലോകം
കെയ്‌റോ: ഏകദേശം 56 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രങ്ങൾ അടക്കിവാണിരുന്ന ‘പാലിയോഫിസ് കൊളോസിയസ്’ (Palaeophis colossaeus) എന്ന ഭീമൻ കടൽപ്പാമ്പിന്റെ ഫോസിലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇന്നത്തെ സിറ്റി ബസിന്റെ അത്രയും നീളമുള്ളവയാണിത്. അതായത് ഏകദേശം 12 മീറ്ററോളം (40 അടി) നീളമുള്ള ഈ ഭീകരരൂപം അക്കാലത്തെ സ്രാവുകളെയും വലിയ മത്സ്യങ്ങളെയും ആഹാരമാക്കിയിരുന്നതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
അതേസമയം, നിലവിൽ മണലാരണ്യമായ സഹാറ മരുഭൂമി ഒരുകാലത്ത് ഉഷ്ണമേഖലാ സമുദ്രമായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ കണ്ടെത്തൽ. ആക്റ്റ പാലിയെന്റോളജിക്ക പോളോണിക്ക (Acta Palaeontologica Polonica) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പാമ്പിന്റെ കശേരുക്കൾക്ക് ഇന്നത്തെ പാമ്പിനേക്കാളും വലിപ്പമുണ്ട്. അക്കാലത്ത് ഭൂമിയിലെ കാലാവസ്ഥ ഇന്നത്തേതിനേക്കാൾ ചൂടുള്ളതായിരുന്നു . ഉയർന്ന താപനിലയാണ് ഉരഗങ്ങളെ ഇത്രയധികം വലിപ്പത്തിലേക്ക് വളരാൻ സഹായിച്ചതെന്നാണ് നിഗമനം. തിമിംഗലങ്ങൾ സമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലത്തെ ഏറ്റവും വലിയ ഇരപിടിയനായിരുന്നു ഈ ഭീമൻ എന്നാണ് ഗവേഷകർ പറയുന്നത്.