27/01/2026

‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും

 ‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം.

​മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

​ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ ആക്രമണത്തിന് കൂട്ടുനിന്നാൽ ആ രാജ്യങ്ങളും തങ്ങളുടെ ’നിയമപരമായ ഉന്നങ്ങൾ’ ആയിരിക്കുമെന്ന് ഇറാൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും സുപ്രധാന കേന്ദ്രങ്ങളും ഇറാൻ ആക്രമിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ തകർക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നു. അതിനാൽ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര വഴികൾ തേടാനാണ് ഇവർ അമേരിക്കയോട് ആവശ്യപ്പെടുന്നത്.

​ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാട് കടുപ്പിക്കുമ്പോഴും, പരമ്പരാഗത സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളുടെ നിസ്സഹകരണം ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായേക്കാം.

Also read: