സൗദിയില്‍ മലയോളം സ്വര്‍ണം! നാലിടങ്ങളിലായി വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. രാജ്യത്തെ നാല് വ്യത്യസ്ത മേഖലകളിൽ നിന്നായി 7.8 ദശലക്ഷം ഔൺസ് സ്വർണ്ണത്തിന്റെ സാന്നിധ്യമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദിയുടെ ആധുനിക ഖനന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തലാണിതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മആദിൻ (Maaden) അറിയിച്ചു.
അറേബ്യൻ ഷീൽഡ് മേഖലയിലെ ധാതുസമ്പത്ത് കണ്ടെത്താനായി മആദിൻ നടത്തിയ വിപുലമായ ഡ്രില്ലിങ് കാമ്പെയ്‌നിനൊടുവിലാണ് ഈ നേട്ടം. കഴിഞ്ഞ 12നാണ് പര്യവേക്ഷണ ഫലങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടത്. നിലവിലുള്ള ഖനികൾക്ക് സമീപവും പൂർണ്ണമായും പുതുതായി കണ്ടെത്തിയ ഇടങ്ങളിലുമാണ് സ്വർണ്ണശേഖരമുള്ളത്. ആഗോള വിപണിയിലെ വില നിലവാരവും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് 7.8 ദശലക്ഷം ഔൺസിന്റെ അധിക നിക്ഷേപം ഖനനത്തിന് സജ്ജമാണെന്ന് കമ്പനി വ്യക്തമാക്കിയത്.
ഏറ്റവും വലിയ സ്വർണ്ണശേഖരം കണ്ടെത്തിയിരിക്കുന്നത് മആദിന്റെ മുൻനിര പദ്ധതിയായ മൻസൂറ-മസാറ മേഖലയിലാണ്. ഇവിടെ മാത്രം മൂന്ന് ദശലക്ഷം ഔൺസിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ വാദി അൽജാവ്വ് എന്ന സ്ഥലത്ത് നിന്ന് 3.8 ദശലക്ഷം ഔൺസും, ഉറുഖ് 20/21, ഉമ്മു സലാം എന്നീ മേഖലകളിൽ നിന്ന് 1.67 ദശലക്ഷം ഔൺസ് സ്വർണ്ണവും അധികമായി ലഭിക്കുമെന്ന് കണക്കാക്കുന്നുത്. കൂടാതെ, ചരിത്രപ്രസിദ്ധമായ മഹ്ദ് സ്വർണ്ണ ഖനിക്ക് സമീപവും പുതിയ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയുടെ ദീർഘകാല പര്യവേക്ഷണ തന്ത്രങ്ങൾ ശരിയായ ദിശയിലാണെന്ന് ഈ കണ്ടെത്തലുകൾ തെളിയിക്കുന്നതായി മആദിൻ ചീഫ് എക്‌സിക്യൂട്ടീവ് ബോബ് വിൽറ്റ് പറഞ്ഞു. ‘സൗദിയുടെ സ്വർണ്ണ സമ്പത്തിൽ ഞങ്ങൾ നടത്തുന്ന വലിയ നിക്ഷേപം ഫലം കാണുന്നു എന്നതിന്റെ തെളിവാണിത്. അറേബ്യൻ ഷീൽഡിന്റെ യഥാർത്ഥ സാധ്യതകൾ പുറത്തുകൊണ്ടുവരുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണത്തിന് പുറമെ ചെമ്പ്, നിക്കൽ, പ്ലാറ്റിനം ഗ്രൂപ്പിൽപ്പെട്ട മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ സാന്നിധ്യവും പര്യവേക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജബൽ ഷൈബാൻ, ജബൽ അൽ വക്കീൽ എന്നിവിടങ്ങളിലാണ് ഈ ലോഹങ്ങളുടെ നിക്ഷേപമുള്ളത്.
എണ്ണയിതര വരുമാന സ്രോതസ്സുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഖനന മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സൗദി അറേബ്യ നിലവിൽ നൽകുന്നത്. പുതിയ സ്വർണ്ണശേഖരം കണ്ടെത്തിയതോടെ, ലോകത്തെ മുൻനിര ഖനന കേന്ദ്രങ്ങളിൽ ഒന്നായി മാറാനുള്ള രാജ്യത്തിന്റെ നീക്കങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്തുപകരും. വരും വർഷങ്ങളിലും കൂടുതൽ മേഖലകളിലേക്ക് പര്യവേക്ഷണം വ്യാപിപ്പിക്കാനാണ് മആദിൻ ലക്ഷ്യമിടുന്നത്.