‘കാർഗോയില്‍ നിന്ന് 400 കിലോ സ്വര്‍ണം അടിച്ചുമാറ്റി ഇന്ത്യയിലേക്ക് മുങ്ങി’; എയർ കാനഡ ജീവനക്കാരനെ വിട്ടുനല്‍കാന്‍ ഇന്ത്യയോട് കാനഡ
ടൊറന്റോ/ന്യൂഡൽഹി: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കവർച്ചാ കേസിലെ മുഖ്യപ്രതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് കനേഡിയൻ അധികൃതർ. 20 മില്യൺ ഡോളർ (ഏകദേശം 165 കോടി രൂപ) വിലമതിക്കുന്ന 400 കിലോഗ്രാം സ്വർണവും 6600 സ്വർണ ബാറുകളും തട്ടിയെടുത്ത കേസിലെ സൂത്രധാരൻ സിമ്രാൻ പ്രീത് പനേസറിനെയാണ് (33) കാനഡ തിരയുന്നത്. എയർ കാനഡ മുൻ ജീവനക്കാരനായ ഇയാൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കവർച്ചയിൽ നിർണായക പങ്ക് വഹിച്ചതായാണ് പോലീസ് കണ്ടെത്തൽ.
2023 ഏപ്രിലിൽ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നിന്ന് ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ എത്തിയ കാർഗോയിലാണ് വന്‍ കവർച്ച നടന്നത്. 9999 പരിശുദ്ധിയുള്ള 400 കിലോ സ്വർണവും (6600 ബാറുകൾ), 2.5 ദശലക്ഷം ഡോളറിന്റെ വിദേശ കറൻസിയുമാണ് ഷിപ്പ്‌മെന്റിൽ ഉണ്ടായിരുന്നത്.
വിമാനത്താവളത്തിലെ സുരക്ഷിതമായ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന സ്വർണം വ്യാജ രേഖകൾ ഉപയോഗിച്ച് പുറത്തുകടത്തുകയായിരുന്നു. എയർ കാനഡ മാനേജറായിരുന്ന പനേസർ ഇതിനായി കള്ളക്കടത്തുകാരെ സഹായിച്ചു. കവർച്ചയ്ക്ക് ശേഷം ഇയാൾ ഇന്ത്യയിലേക്ക് കടന്നതായാണ് കാനഡയുടെ നിഗമനം.
കവർച്ച അന്വേഷിക്കാൻ കാനഡ രൂപീകരിച്ച പ്രത്യേക സംഘമാണ് ‘പ്രോജക്റ്റ് 24കെ’. കേസിൽ പത്തോളം പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും മോഷ്ടിക്കപ്പെട്ട സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പനേസറിനെ പിടികൂടാൻ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പനേസർ പഞ്ചാബിലെ മൊഹാലിയിലുണ്ടെന്ന വിവരത്തെത്തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇയാളുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാളുടെ ഭാര്യയും നടിയുമായ പ്രീതി അഭിനയിക്കുന്ന പഞ്ചാബി സിനിമകൾക്കായി പണം മുടക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഇന്ത്യ-കാനഡ നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഈ കൈമാറ്റ അപേക്ഷ നിർണായകമാകും.