19/06/2026
[fontresizer_tawhidurrahmandear_widget]

ഹെൽത്തിയാവാൻ കയ്പക്ക ജ്യൂസ് കുടിക്കാറുണ്ടോ? പണികിട്ടുവേ…

 ഹെൽത്തിയാവാൻ കയ്പക്ക ജ്യൂസ് കുടിക്കാറുണ്ടോ? പണികിട്ടുവേ…

ഹെൽത്തിയായിരിക്കാൻ പലതരം ഭക്ഷണ രീതികളും പാനീയങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കയ്പക്ക ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഉത്തരം സിമ്പിളാണ്. നിലവിൽ ശരീരത്തിന്റെ അവസ്ഥയെ ആശ്രയിച്ചാണ് അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടാവുക. പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് ഏറെ സഹായിക്കാറുണ്ട്.

പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചാരന്റിൻ, പോളിപെപ്‌റ്റൈഡ്പി തുടങ്ങിയ സജീവ സംയുക്തങ്ങൾ ഇൻസുലിൻ പോലെ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്രമേഹം വൃക്കകളെ തകരാറിലാക്കുന്ന ഒരു പ്രധാന കാരണമായതിനാൽ, പാവയ്ക്ക ജ്യൂസ് ദിവസവും കൃത്യമായ അളവിൽ കഴിക്കുന്നത് ഒരു പരിധി വരെ വൃക്കകൾക്ക് സംരക്ഷണം നൽകും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ശക്തമായ പോളിഫെനോളുകൾ എന്നിവ ശരീരത്തിലെ അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കയിലെ കോശങ്ങളുടെ വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് തടയാനും സഹായിക്കുന്നു.

എന്നാൽ പൂർണ ആരോഗ്യവാനായ ഒരാൾ ദിവസവും അമിതമായ അളവിൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് വൃക്കകൾക്ക് വലിയ ദോഷം ചെയ്യും. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ ശരീരത്തിൽ അമിതമായാൽ അത് മൂത്രനാളിയിൽ അടിഞ്ഞുകൂടി കാൽസ്യംഓക്‌സലേറ്റ് കല്ലുകൾ രൂപപ്പെടാൻ കാരണമാകും. വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യതയുള്ളവർ ദിവസവും ഇത് കുടിക്കുന്നത് ഒട്ടും നല്ലതല്ല.

പാവയ്ക്ക ജ്യൂസ് ശരീരത്തിൽ നിന്ന് വെള്ളം കൂടുതൽ പുറന്തള്ളാൻ പ്രേരിപ്പിക്കുന്ന ഒരു സ്വാഭാവിക ഡയൂററ്റിക് ആയതുകൊണ്ട് തന്നെ, ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ഇത് ശരീരത്തിൽ നേരിയ നിർജ്ജലീകരണത്തിന് വഴിവെയ്ക്കുകയും വൃക്കകൾക്ക് അമിത ജോലിഭാരം നൽകുകയും ചെയ്യും. അമിതമായി ഇത് ഉപയോഗിക്കുന്നത് ദഹനക്കേടിനും വയറിളക്കത്തിനും താൽക്കാലികമായി ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം.

കൂടാതെ പാവയ്ക്കയിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ആരോഗ്യവാനായ ഒരാളുടെ വൃക്കകൾക്ക് അധികം വരുന്ന പൊട്ടാസ്യം എളുപ്പത്തിൽ അരിച്ചെടുക്കാൻ സാധിക്കുമെങ്കിലും, നേരത്തെ തന്നെ വൃക്കസംബന്ധമായ അസുഖങ്ങളോ ബലഹീനതയോ ഉള്ളവരിൽ ഈ പൊട്ടാസ്യം രക്തത്തിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയമിടിപ്പ് തകരാറിലാക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം.

മൃഗങ്ങളിൽ നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത് പാവയ്ക്ക ജ്യൂസ് അമിതമായ അളവിൽ ദീർഘനാൾ തുടർച്ചയായി കഴിക്കുന്നത് വൃക്കയിലെ മൈക്രോസ്‌കോപ്പിക് ട്യൂബ്യൂളുകൾക്ക് കേടുപാടുകൾ വരുത്താനും രക്തസ്രാവത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകുമെന്നാണ്. അതിനാൽ സാധാരണക്കാർ ദിവസവും 50 മുതൽ 100 മില്ലി ലിറ്റർ വരെയുള്ള ചെറിയ അളവിൽ മാത്രം പാവയ്ക്ക ജ്യൂസ് കുടിക്കുന്നതാണ് സുരക്ഷിതം. മറ്റ് പച്ചക്കറി ജ്യൂസുകൾക്കൊപ്പം മാറിമാറി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വൃക്കരോഗമുള്ളവരോ മറ്റ് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരോ ഇത് ദിവസവും ശീലമാക്കുന്നതിന് മുൻപ് തീർച്ചയായും ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടേണ്ടതാണ്.

Also read: