തവിട്ട് മുട്ടയാണോ വെള്ള മുട്ടയാണോ ആരോഗ്യത്തിന് കൂടുതൽ നല്ലത്?
മുട്ട വാങ്ങുമ്പോൾ നമ്മളിൽ പലരും തവിട്ട് മുട്ട തിരഞ്ഞുപിടിച്ച് വാങ്ങാറില്ലേ? വെള്ള മുട്ടയേക്കാളും വിലക്കൂടുതലായിട്ടും തവിട്ട് മുട്ട തന്നെ വാങ്ങിക്കഴിക്കണമെന്ന് പലരും നിർബന്ധം പിടിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ നല്ലത് ബ്രൗണാണെന്ന വിശ്വാസമാണ്. എന്നാൽ ഈ രണ്ട് മുട്ടകളും തമ്മിൽ പോഷകഗുണത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ലെന്നാണ് ഇന്ത്യൻ വംശജനായ പ്രമുഖ അമേരിക്കൻ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. പാൽ മാണിക്യം വ്യക്തമാക്കുന്നത്.
മുട്ടത്തോടിന്റെ നിറം നിർണയിക്കുന്നത് കോഴിയുടെ ഇനവും അതിന്റെ ജനിതകഘടനയും മാത്രമാണ്. വെളുത്ത തൂവലുകളുള്ള കോഴികൾ വെള്ള മുട്ടകളും, തവിട്ടുനിറമുള്ള തൂവലുകളുള്ള കോഴികൾ തവിട്ട് മുട്ടകളുമാണ് സാധാരണയായി ഇടാറുള്ളത്. തവിട്ട് മുട്ടത്തോടിന് ആ നിറം നൽകുന്നത് കോഴിയുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ വിഘടനത്തിലൂടെ ഉണ്ടാകുന്ന പ്രോട്ടോപോർഫിറിൻ എന്ന പിഗ്മെന്റാണ്. ഇതൊരിക്കലും മുട്ടയ്ക്കുള്ളിലെ പോഷകങ്ങളെ ബാധിക്കുന്നില്ല. വെള്ളയായാലും തവിട്ടായാലും രണ്ട് മുട്ടകളിലും ഒരേ അളവിലാണ് ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനും (ഏകദേശം 6 ഗ്രാം), കൊഴുപ്പും, മറ്റ് വിറ്റാമിനുകളും അടങ്ങിയിരിക്കുന്നത്. ഇവ രണ്ടിനും ഏകദേശം 70 കലോറി മാത്രമാണുള്ളത്.
പിന്നെ എന്തുകൊണ്ടാണ് തവിട്ട് മുട്ടയ്ക്ക് വിപണിയിൽ വില കൂടുന്നത് എന്നതിന് കാരണം ഈ മുട്ടയിടുന്ന കോഴികൾക്ക് വലിപ്പം കൂടുതലായതുകൊണ്ട് അവയ്ക്ക് കൂടുതൽ തീറ്റ നൽകേണ്ടി വരുന്നു എന്നതാണ്. ഈ അധിക ഉത്പാദനച്ചെലവ് കാരണമാണ് ഇവയ്ക്ക് വില കൂടുന്നത്, അല്ലാതെ കൂടുതൽ പോഷകഗുണം ഉള്ളതുകൊണ്ടല്ല. അതുപോലെ തന്നെ ഇവയുടെ രുചിയിലും യാതൊരു വ്യത്യാസവുമില്ല.
മുട്ടയുടെ ഗുണനിലവാരവും പോഷകങ്ങളും നിശ്ചയിക്കുന്നത് കോഴിയുടെ നിറമല്ല, മറിച്ച് അതിന് നൽകുന്ന തീറ്റയും അത് വളരുന്ന സാഹചര്യവുമാണ്. ഉദാഹരണത്തിന്, സൂര്യപ്രകാശമേറ്റ് പുറത്തുനടന്നു വളരുന്ന കോഴികളുടെ മുട്ടകളിൽ വിറ്റാമിൻ ഡി 3 മുതൽ 4 മടങ്ങ് വരെ കൂടുതലായിരിക്കും. കൂടാതെ ഒമേഗ-3 അടങ്ങിയ പ്രത്യേക തീറ്റ നൽകി വളർത്തുന്ന കോഴികളുടെ മുട്ടകളിൽ ഒമേഗ-3 ഫാറ്റി ആസിഡിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് വാങ്ങുമ്പോൾ മുട്ടത്തോടിന്റെ നിറം നോക്കുന്നതിന് പകരം കോഴികളെ വളർത്തുന്ന രീതിയും അവയുടെ തീറ്റക്രമവും നോക്കുന്നതാണ് നല്ലത്. ചുരുക്കത്തിൽ തവിട്ട് മുട്ടകളും വെള്ള മുട്ടകളും തമ്മിൽ ഗുണ നിലവാരത്തിന്റെ കാര്യത്തിൽ വ്യത്യാസങ്ങളൊന്നുമില്ല. രണ്ടും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്.