27/01/2026

ദേശീയപാത നിർമാണം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീണു; കരാർ കമ്പനിയുടെ അനാസ്ഥയെന്ന് പരാതി

 ദേശീയപാത നിർമാണം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീണു; കരാർ കമ്പനിയുടെ അനാസ്ഥയെന്ന് പരാതി

കൊട്ടിയം: ദേശീയപാത നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണ് അപകടം. മേവറം ജങ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്നുള്ള അഞ്ചടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കൂട്ടിക്കട-പീടിക മുക്ക് ഇടറോഡിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സാധാരണയായി ഇത്തരം കുഴികൾക്ക് ചുറ്റും കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് അപായ സൂചന നൽകുന്ന സ്റ്റിക്കറുകൾ പതിക്കാറാണുള്ളത്. എന്നാൽ ഇവിടെ പ്ലാസ്റ്റിക് റോപ്പുകൾ മാത്രമാണ് കെട്ടിയിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം സർവീസ് റോഡുകളിൽ ബസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മേഖലയിൽ കനത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ പരിഗണിച്ച് കൊട്ടിയം പൊലീസ് ഇടപെട്ട് മേവറം ജങ്ഷനിലെ ബസ് സ്‌റ്റോപ്പ് സമീപത്തെ സ്വകാര്യ ഷോറൂമിന് മുന്നിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ബോർഡുകൾ സ്ഥാപിച്ചെങ്കിലും ബസുകൾ ഇപ്പോഴും സർവീസ് റോഡിൽ തന്നെ നിർത്തുന്നത് യാത്രക്കാരെയും മറ്റ് വാഹന ഉടമകളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

Also read: