27/01/2026

നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ; രൂക്ഷവിമർശവുമായി സ്റ്റാലിൻ

 നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ; രൂക്ഷവിമർശവുമായി സ്റ്റാലിൻ

ചെന്നൈ: ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ ആർഎൻ രവി. ദേശീയ ഗാനത്തെ അവഗണിച്ചു എന്ന കാരണം പറഞ്ഞാണ് ഇറങ്ങിപ്പോക്ക്. പിന്നീട്, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസ്ഥാന സർക്കാറിനെതിരെ 13 ഇന കുറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഗവർണർ പുറത്തിറക്കി.

വർഷത്തെ ആദ്യ സമ്മേളനമായതിനാൽ പാരമ്പര്യമനുസരിച്ച് ഗവർണറുടെ പ്രസംഗത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് ഗവര്ണറും സഭയില് ഉണ്ടായിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ് തായ് ആശംസകൾ സഭയിൽ ആലപിച്ചു. അതിനുശേഷം പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിക്കാൻ സ്പീക്കർ അപ്പാവു ഗവർണറോട് അഭ്യർത്ഥിച്ചു. എന്നാൽ ഗവർണർ പ്രസംഗം വായിക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയ ഗാനം ആലപിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്തത് ദുഃഖകരമാണെന്ന് ഗവർണർ പറഞ്ഞു.

അതേസമയം, ഗവർണർ വായിച്ചില്ലെങ്കിലും നയപ്രഖ്യാപന പ്രസംഗം വായിച്ചതായി രേഖപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. ഗവർണറുടെ പ്രസംഗത്തോടെ നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിക്കുന്ന കീഴ്‌വഴക്കം മാറ്റാൻ തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഈ വിഷയത്തിൽ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെതിരെ കുപ്രചരണം നടത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ‘എന്തിനാണ് ആടിന് താടി? എന്തിനാണ് സംസ്ഥാനത്തിന് ഗവർണർ?’ എന്ന സിഎൻ അണ്ണാദുരൈയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

Also read: