‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും, വരാന്‍ പോകുന്നത് സാമ്പത്തിക കുതിപ്പിന്‍റെ നാളുകള്‍
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ (FTA) ‘ ഇടപാടുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എനർജി വീക്കിന്റെ (IEW) 2026 പതിപ്പിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കരാർ കേവലം വ്യാപാരത്തിനപ്പുറം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ശക്തിപ്പെടുത്തുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുമ്പോൾ അത് ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെയും യൂറോപ്പിലെയും ജനങ്ങൾക്ക് കരാർ വലിയ അവസരങ്ങൾ നൽകും. ഇന്ത്യ-യുകെ വ്യാപാര കരാറിനെയും ഇഎഫ്ടിഎ (EFTA) കരാറിനെയും പൂരകമാക്കുന്ന ഒന്നായിരിക്കും ഇത്,’ അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക വളർച്ചയ്ക്കും കരാർ നിർണ്ണായകമാകും.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും പ്രധാനമന്ത്രി ചടങ്ങിൽ അവതരിപ്പിച്ചു. രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി നിലവിലെ 260 ദശലക്ഷം ടണ്ണിൽ നിന്ന് 300 ദശലക്ഷം ടണ്ണായി ഉയർത്തും. ഈ ദശകത്തിന്റെ അവസാനത്തോടെ എണ്ണവാതക മേഖലയിൽ 100 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യം മുൻനിർത്തി ആഗോള നിക്ഷേപകർക്ക് ഇന്ത്യ മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യയും മൂലധനവും ഇന്ത്യയിലേക്ക് ആകർഷിക്കാൻ പുതിയ വ്യാപാര കരാർ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.