04/03/2026
[fontresizer_tawhidurrahmandear_widget]

ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; വീട് ആക്രമിച്ചെന്ന് റിപ്പോർട്ട്

 ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ  ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; വീട് ആക്രമിച്ചെന്ന് റിപ്പോർട്ട്

ട്രിപ്പോളി: മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ഇന്നലെ സിന്റാൻ പട്ടണത്തിലെ വസതിയിൽ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു.

സെയ്ഫുൽ ഇസ്ലാമിന്റെ അഭിഭാഷകൻ ഖാലിദുൽ സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുള്ള ഒത്മാനുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റാനിലെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം കൊലപാതകം നടത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ഹൈ സ്‌റ്റേറ്റ് കൗൺസിൽ മുൻ തലവൻ ഖാലിദുൽ മിശ്രി ആവശ്യപ്പെട്ടു.

ഗദ്ദാഫി ഭരണകൂടത്തിൽ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നില്ലെങ്കിലും, പിതാവിന്റെ പിൻഗാമിയായാണ് സെയ്ഫുൽ ഇസ്ലാം അറിയപ്പെട്ടിരുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം, ലിബിയയുടെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ 2011ലെ ആഭ്യന്തര കലാപകാലത്ത് വിമതർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ വിവാദ നായകനായി മാറി.

2011ൽ പിടിയിലായ സെയ്ഫിനെ 2015ൽ ട്രിപ്പോളി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ 2017ൽ പൊതുമാപ്പിന്റെ ഭാഗമായി മോചിതനായ അദ്ദേഹം അന്നുമുതൽ സിന്റാനിൽ ഒളിവിൽ കഴിയുകയായിരുന്നു. 2021ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം നീക്കം നടത്തിയെങ്കിലും നിയമതടസ്സങ്ങൾ നേരിട്ടു. അദ്ദേഹത്തിന്റെ വിയോഗം ലിബിയയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: