‘പ്രായം ഒരു മാനദണ്ഡമല്ല, ഫിറ്റ്‌നസും പ്രകടനവുമാണ് പ്രധാനം’; ഗംഭീറിനും അഗാർക്കർക്കും മറുപടിയുമായി ധോണി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുൻ നായകൻ എം.എസ് ധോണി. 2027ലെ ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കണമെന്നും പ്രായത്തിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ധോണി വ്യക്തമാക്കി.
യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നിലപാടുകളെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം. ‘അടുത്ത ലോകകപ്പിൽ ആരെങ്കിലും കളിക്കാതിരിക്കേണ്ടത് എന്തുകൊണ്ട്? പ്രായം ഒരു മാനദണ്ഡമല്ല, ഫിറ്റ്‌നസും പ്രകടനവുമാണ് പ്രധാനം. ഒരാൾക്ക് 30 വയസ്സ് തികഞ്ഞതുകൊണ്ട് മാത്രം അയാൾ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല,’ ധോണി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരായ താരങ്ങൾ അനിവാര്യമാണെന്ന് ധോണി ഓർമ്മിപ്പിച്ചു. ‘നിങ്ങൾക്ക് പരിചയം വേണമെങ്കിൽ 30-35 വയസ്സുള്ള താരങ്ങളെ വേണം. 20ാം വയസ്സിൽ ആർക്കും വലിയ അനുഭവസമ്പത്ത് ഉണ്ടാവില്ല. രോഹിത് ആയാലും വിരാട് ആയാലും, അവർ പ്രകടനം നടത്തുന്നുണ്ടെങ്കിൽ ടീമിൽ തുടരട്ടെ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ കോഹ്‌ലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. നിലവിൽ ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരും മികച്ച ഫോമിലാണ് തുടരുന്നത്. ടീം മാനേജ്‌മെന്റ് മാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും, ഇതിഹാസ താരങ്ങളുടെ വിരമിക്കൽ തീരുമാനം അവർക്ക് തന്നെ വിട്ടുകൊടുക്കണമെന്ന ധോണിയുടെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.