‘മതമൗലികവാദികൾ പ്രചരിപ്പിക്കുന്നതല്ല മലപ്പുറം; മാഘമഹോത്സവത്തെ നെഞ്ചിലേറ്റിയ മുസ്ലിം സഹോദരങ്ങളെയാണ് ഇവിടെ കണ്ടത്’-കൊല്ലം തുളസി
തിരുന്നാവായയില്‍ നടന്ന ‘കേരള കുംഭമേള’യില്‍നിന്നുള്ള കാഴ്ച, കൊല്ലം തുളസി
മലപ്പുറം: കഴിഞ്ഞ ദിവസം സമാപിച്ച തിരുന്നാവായയിലെ ‘കേരള കുംഭമേള’യിൽ പങ്കെടുക്കാനായി മലപ്പുറത്ത് എത്തിയതിന്റെ അനുഭവം പറഞ്ഞ് നടൻ കൊല്ലം തുളസി. ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായ അനുഭവമാണ് മലപ്പുറത്ത് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ മുസ്‌ലിം സമുദായാംഗങ്ങൾ മേളയെ നെഞ്ചിലേറ്റി എല്ലാ സഹായങ്ങളും ചെയ്യുന്നതാണു കണ്ടത്. മലപ്പുറത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം തിരുത്തുന്നതാണ് ഈ അനുഭവങ്ങളെന്നും തുളസി പറഞ്ഞു.
ഒരു മലയാളം മാധ്യമത്തോടാണ് കൊല്ലം തുളസി മാഘമഹോത്സവ അനുഭവം പങ്കുവച്ചത്. ”പുറത്തെ ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പറയുന്നതിന് എതിരായ അനുഭവമാണ് എനിക്ക് ഇവിടെയുണ്ടായത്. ഇവിടത്തെ മുസ്‌ലിം സഹോദരങ്ങളും ഇതര സമുദായാംഗങ്ങളും മാഘമഹോത്സവത്തെ നെഞ്ചിലേറ്റി, സർവാത്മനാ അവരെ സഹായിക്കുന്നതാണ് കണ്ടത്. ഇത്രയും സഹകരിച്ചുപോകുന്നവരാണ് ഇവിടത്തെ ഇതര സമുദായക്കാരെന്ന് എനിക്കും ഇവിടെ വന്നവർക്കുമെല്ലാം ബോധ്യപ്പെട്ടിരിക്കുകയാണ്.”-അദ്ദേഹം വെളിപ്പെടുത്തി.
മുസ്‌ലിം സഹോദരങ്ങളുടെ കച്ചവട സ്ഥാപനങ്ങളാണ് ചുറ്റിലുമുള്ളത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ അവർ തന്നെയാണ്. നാട് വളർന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണിത്. നമ്മളൊക്കെ മലപ്പുറത്തെ എഴുതിത്തള്ളിയതാണ്. അതൊക്കെ തിരുത്തുന്ന അനുഭവമാണുണ്ടായത്. മലപ്പുറത്ത് വലിയ മാറ്റം സംഭവിക്കുമെന്നും കൊല്ലം തുളസി പറഞ്ഞു.
ഉത്തരേന്ത്യയിലെ കുംഭമേള കാണാൻ പോകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അനാരോഗ്യമുണ്ട്. പ്രായമേറിയതുകൊണ്ട് ഇനി സാധിക്കില്ല. അതുകൊണ്ട് ദൈവം കൊണ്ടുതന്നതാണ് മാഘമഹോത്സവം. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച ജനക്കൂട്ടമാണ് മേളയ്ക്ക് എത്തിയതെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.