യു.പിയിൽ ഹൈവേയില്‍ പട്ടാപ്പകൽ കൊടുംക്രൂരത; സൈനികനെ കാർ തടഞ്ഞ് ഓടിച്ചിട്ടു വെടിവെച്ചു കൊന്നു
കൊല്ലപ്പെട്ട അഖിലേഷ് സിങ്, ആക്രമികള്‍ വെടിവച്ച കാര്‍, സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ പട്ടാപ്പകൽ നടുറോഡിൽ സൈനികനെ വെടിവെച്ചു കൊന്നു. ആഗ്ര കാന്റിലെ ആർമി എൻജിനീയറിങ് വിങ്ങിലെ ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്(28) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സദാബാദ് കോട്വാലി പരിധിയിലെ ആഗ്ര-അലിഗഡ് ഹൈവേയിലായിരുന്നു സംഭവം.
വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഹത്രാസ് കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു അഖിലേഷ്. കോടതി നടപടികൾക്ക് ശേഷം ആഗ്രയിലേക്ക് മടങ്ങവേ, വീടിന് വെറും ഒരു കിലോമീറ്റർ അകലെ, അക്രമികൾ കാർ തടഞ്ഞു. കാറിലെത്തിയ അഞ്ചംഗസംഘം അഖിലേഷിന്റെ വാഹനത്തെ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തുകയായിരുന്നു.
അപകടം മണത്ത അഖിലേഷ് വാഹനം പിന്നിലേക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം കാറിന്റെ ടയറിലേക്ക് വെടിയുതിർത്തു. ടയർ പൊട്ടി വാഹനം നിന്നതോടെ, ജീവൻ രക്ഷിക്കാനായി കാറിൽ നിന്നിറങ്ങി വയലിലേക്ക് ഓടിയ അഖിലേഷിനെ അക്രമികൾ പിന്തുടർന്നു. ഓടുന്നതിനിടെ ആദ്യം കാലിലാണ് വെടിവെച്ചത്. വെടിയേറ്റ് താഴെ വീണ അഖിലേഷിനെ വളഞ്ഞിട്ട് തലയിലും നെഞ്ചിലുമായി ആറു തവണ വെടിയുതിർത്തു. സംഭവസ്ഥലത്തുവെച്ചുതന്നെ അഖിലേഷ് മരിച്ചു. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണ് പോലീസ് സംശയിക്കുന്നത്. അഖിലേഷിന്റെ ബന്ധുവായ നിതിൻ ചൗധരി പറയുന്നതനുസരിച്ച്, സമദ്പൂർ ഗ്രാമത്തിലെ ചിലരുമായി അഖിലേഷിന് പഴയ വൈരാഗ്യമുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് അഖിലേഷ് തന്റെ ബന്ധുവിന്റെ ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇദ്ദേഹത്തോട് പകയുണ്ടായിരുന്നെന്നും ഗ്രാമവാസികൾ പറയുന്നു.
സദാബാദിലെ സമദ്പൂർ ഗ്രാമത്തിലെ വിമുക്ത ഭടൻ ദേവേന്ദ്ര സിങ്ങിന്റെ മകനാണ് കൊല്ലപ്പെട്ട അഖിലേഷ്. പിതാവ് നിലവിൽ ജമ്മു കശ്മീരിൽ മരുമകനൊപ്പമാണ്. സംഭവത്തിൽ ഹത്രാസ് എസ്പി ചിരഞ്ജീവ് നാഥ് സിൻഹയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.