28/03/2026
[fontresizer_tawhidurrahmandear_widget]

ന്യുമോണിയയല്ല, ശ്വാസകോശത്തിൽ എൽഇഡി ബൾബ്! ഒരു വയസ്സുകാരന്റെ എക്‌സ്‌റേ കണ്ട് ഞെട്ടി ഡോക്ടർമാർ

 ന്യുമോണിയയല്ല, ശ്വാസകോശത്തിൽ എൽഇഡി ബൾബ്! ഒരു വയസ്സുകാരന്റെ എക്‌സ്‌റേ കണ്ട് ഞെട്ടി ഡോക്ടർമാർ

ഗാന്ധിനഗർ:ന്യുമോണിയ എന്ന് കരുതി മാസങ്ങളോളം ചികിത്സ തേടിയ ഒരു വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയത് എൽഇഡി ബൾബ്. വഡോദരയിലെ ജിഎംഇആർഎസ് ഗോത്രി ആശുപത്രിയിലെ ഡോക്ടർമാരുടെ ഇടപെടലിലൂടെ കുട്ടി മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസത്തോളമായി വിട്ടുമാറാത്ത ചുമയും പനിയും കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ലക്ഷണങ്ങൾ ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ ഗോത്രി ആശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ച കാഴ്ച കണ്ടത്. കുട്ടിയുടെ വലത് ശ്വാസകോശത്തിലേക്കുള്ള നാളത്തിൽ ഒരു സെന്റിമീറ്റർ വലിപ്പമുള്ള എൽഇഡി ബൾബ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുകയും അവയവം തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 5ന് വിദഗ്ധരായ ഇഎൻടി ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തരമായി ബ്രോങ്കോസ്‌കോപ്പി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിലേറെയായി ബൾബ് ഉള്ളിൽ ഇരുന്നതിനാൽ ടിഷ്യൂകളിൽ ഇത് ഉറച്ചുപോയിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ അപകടത്തിലാക്കാതെ വെറും മിനിറ്റുകൾക്കുള്ളിൽ ഡോക്ടർമാർ എൽഇഡി പുറത്തെടുത്തു. നിലവിൽ കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ഇഎൻടി വിഭാഗം മേധാവി ഡോ. ഹിരേൻ സോണി അറിയിച്ചു. കുട്ടികൾ ചെറിയ വസ്തുക്കൾ വിഴുങ്ങാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

Also read: