പ്ലസ്ടു ‘സെന്റ് ഓഫ്’ കളറാക്കാൻ ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ, ജെസിബി; അത്യാഡംബര കാറുകള് പിടിച്ചെടുത്തു
കോഴിക്കോട്: പ്ലസ് ടു യാത്രയയപ്പ് ആഘോഷമാക്കാൻ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളും ജെസിബിയും വാടകയ്ക്കെത്തിച്ച വിദ്യാർത്ഥികൾ കുടുങ്ങി. കോഴിക്കോട് മേപ്പയ്യൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് റീൽസ് ചിത്രീകരണത്തിനായി വൻ സജ്ജീകരണങ്ങൾ ഒരുക്കിയത്. സംഭവത്തിൽ ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ എന്നിവയുൾപ്പെടെ പത്തോളം വാഹനങ്ങൾ മേപ്പയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് ഈ വാഹനങ്ങൾ എത്തിച്ചത്. ഓരോ വാഹനത്തിനും 8,000 രൂപ മുതൽ 12,000 രൂപ വരെ വൻ തുക വാടക നൽകിയാണ് വിദ്യാർത്ഥികൾ ആഘോഷം ആസൂത്രണം ചെയ്തത്.
വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ കൂട്ടം ചേർന്ന് വാഹനങ്ങൾ നിരത്തിയിട്ട് റീൽസ് ചിത്രീകരിക്കാൻ ശ്രമിക്കുന്ന വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മേപ്പയ്യൂർ എസ്.എച്ച്.ഒ സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിൽ സ്കൂളിന് സമീപത്തെ കൺവെൻഷൻ സെന്റർ പാർക്കിംഗിൽ നിന്നാണ് വാഹനങ്ങൾ പിടികൂടി.
ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ, ജെസിബി തുടങ്ങിയ 10 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങളും കൂട്ടത്തിലുണ്ട്. ഇവയുടെ ഡ്രൈവർമാർക്കെതിരെ കേസെടുത്തു. രേഖകൾ ഹാജരാക്കാൻ ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.
യാത്രയയപ്പ് ആഘോഷങ്ങൾ അതിരുവിടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പഠനകാലം അവസാനിക്കുന്ന വേളയിൽ അപകടകരമായ രീതിയിലുള്ള ഇത്തരം അഭ്യാസങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.